വയനാട്ടിൽ (Wayanad) വന്യജീവികളുടെ ആക്രമണ (Wild animal attack) ത്തിൽ ജീവൻ നഷ്ടമാകുന്ന വരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന പത്ത് ലക്ഷം രൂപ കേന്ദ്രവിഹിതമെന്ന് കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് (Bhupender Yadav). ഇത് സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ ഉയർത്താം. ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് മനസ്സിലാക്കുന്നു. ഇത് പഠിക്കുന്നതിനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ശല്യം നേരിടുന്നതിന് കേരള – കർണാടക – തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ഇതിനായി ഒന്നിച്ച് ആനത്താരകൾ അടയാളപ്പെടുത്തും. അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നൽകുന്നതിനുള്ള സംവിധാനമുണ്ടാകണം. മനുഷ്യന്റെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിനു അധികാരം ഉണ്ട്. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.