ചാവക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ഡിസംബർ15, 16 തിയ്യതികളിൽ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 9.30-ന് നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനം റിട്ട. ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും.
കലാമണ്ഡലം ഹൈമാവതി ദീപ പ്രോജ്ജ്വലനം നിർവഹിക്കും. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ജയചന്ദ്രൻ അധ്യക്ഷനാവും.
26 സ്‌കൂളുകളിൽ നിന്നായി 1300-നടുത്ത് വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. ഏഴ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എൽ.പി. വിഭാഗത്തിൽ 22 ഇനങ്ങളിലും യു.പി. വിഭാഗത്തിൽ 42 ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ 52 ഇനങ്ങളിലുമാണ് മത്സരങ്ങൾ.
കലോത്സവത്തിൻ്റെ സമാപന സമ്മേളനം 16ന് വൈകീട്ട് 5ന് നടക്കും. കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ കഴിഞ്ഞ രണ്ടിനും പന്തൽ കാൽനാട്ടുകർമ്മം ആറിനും നടന്നു. കലോത്സവത്തിനായി 101 അംഗങ്ങളുള്ള സ്വാഗതസംഘം രൂപവത്ക്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. താമസ സൗകര്യം ആവശ്യപ്പെട്ടിട്ടുള്ള രണ്ട് സ്കൂളുകൾക്ക് അതിനുള്ള സൗകര്യവും കലോത്സവത്തിനെത്തുന്നവർക്ക് മൂന്ന് നേരം ഭക്ഷണത്തിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
സ്വാഗതസംഘം ഭാരവാഹികളായ എൻ.എ.അഞ്ജു, കെ.ബി.സബിത, എം.കെ. സജീവ് കുമാർ, അൻമോൽ മോത്തി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.