കോഴിക്കോട്: ഫാദർ അജി പുതിയാപറമ്പിലിന് മത-സാമൂഹ്യ ഊരുവിലക്കുമായി താമരശ്ശേരി രൂപത. പരസ്യമായ കുർബാന സ്വീകരണം പാടില്ലെന്നും വെള്ളിമാട്കുന്നിലെ വൈദികമന്ദിരത്തിനു പുറത്ത് താമസിക്കരുതെന്നും ഉത്തരവുണ്ട്. പരസ്യപ്രതികരണത്തിനും വിലക്കുണ്ട്.
താമരശ്ശേരി രൂപതയിലെ മുക്കം ഇടവകയിൽ വൈദികനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അജി. ആറു മാസം മുൻപാണ് സഭയുമായുള്ള തർക്കം തുടങ്ങുന്നത്. മുക്കം ഇടവകയിൽനിന്ന് നൂറാംതോട് ഇടവകയിലേക്കു സ്ഥലംമാറ്റിയതിനു പിന്നാലെയാണ് അജി സഭയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന്റെ നടപടികളെ പൊതുവേദികളിലടക്കം പരസ്യമായി വിമർശിച്ചു. ഇതിനെതിരെ താമരശ്ശേരി രൂപത നേതൃത്വം രംഗത്തെത്തുകയും പരസ്യവിമർശനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കാതെ അദ്ദേഹം വിമർശനവുമായി മുന്നോട്ടുപോയി. ഇതോടെ വികാരി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്തു. ഇതോടെ സഭയ്‌ക്കെതിരെ വിമർശനം കടുപ്പിക്കുകയായിരുന്നു.