കൊച്ചി : മറൈൻഡ്രൈവിൽ പുതിയ എട്ട് ബോട്ട് ജെട്ടികൾ നിർമിക്കാൻ ജിസിഡിഎ. ഫ്ലോട്ടിങ് ബോട്ട് ജെട്ടികളാണ നിർമിക്കാൻ ഒരുങ്ങുന്നത്. രണ്ട് കോടി ചെലവിൽ മറൈൻഡ്രൈവിലെ വാക്ക് വേയോട് ചേർന്നാണ് ഫ്ലോട്ടിങ് ബോട്ട് ജെട്ടി പദ്ധതി. സ്വകാര്യ ബോട്ട് ടൂറിസത്തിന് പിന്തുണ നൽകാണ് ഇതുവഴി ജിസിഡിഎ ലക്ഷ്യമിടുന്നത്. എട്ടോളം ബോട്ട് ജെട്ടികൾ നിർമിക്കാനാണ് തീരുമാനം. കായലിന് അടിയിൽ പൈൽ ചെയ്ത ശേഷം കോൺക്രീറ്റ് ജെട്ടികൾ നിർമിക്കുന്നതിന് വലിയ തുക ചെലവ് വരുന്നതിനാലാണ് ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കുന്നത്. ലോക്സഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാകും ജിസിഡിഎ ടെൻഡർ നടപടികളിലേക്ക് കടക്കുക.
വരുന്ന ഒരു വർഷത്തിനുള്ളിൽ പദ്ധതിയുടെ നിർമാണം പൂർത്തികരിക്കുകയാണ് ലക്ഷ്യം. അതേസമയം സ്വകാര്യ ബോട്ടുടമകളിൽനിന്ന് ചെറിയ രീതിയിൽ യൂസർ ഫീ ഈടാക്കിയാകും ജെട്ടിയുടെ നടത്തിപ്പ്. തുക എത്രയെന്നത് പിന്നീടാകും തീരുമാനിക്കുക. മറൈൻഡ്രൈവിൽ നിലവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബോട്ടുകളുടെ ജെട്ടികൾ താത്ക്കാലകമായി കെട്ടിയുണ്ടാക്കിയവയാണ്. അവ പലതും മരത്തടികളിൽ നിർമിച്ചവയായതിനാൽ അപകടാവസ്ഥയിലാണ്. അതിനാൽ നാളുകളായി ജിസിഡിഎയുടെ പരിഗണനയിലുള്ള പദ്ധതിയാണ് മറൈൻഡ്രൈവിലെ ബോട്ട് ജെട്ടി. 60 ഓളം സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ നിലവിൽ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ഫ്ലോട്ടിങ് ജെട്ടികൾ കൂടി എത്തുന്നതോടെ ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കാൻ സാധിക്കും. അപകടരഹിതവും സുരക്ഷിതത്വവും നൽകുന്നതാണ് മറൈൻഡ്രൈവിൽ നിർമിക്കുന്ന ഫ്ലോട്ടിങ് ജെട്ടി എന്ന് ജിസിഡിഎ ഉറപ്പ് നൽകുന്നു.