മീനിൻ്റെ ചെവിക്കല്ല് ഇനി ആഭരണമാകും

Written by Taniniram Desk

Published on:

ശ്യാം വെണ്ണിയൂർ

വിഴിഞ്ഞം(VIZHINJAM): മീനിൻ്റെ ചെവിക്കല്ല് (Autolith ) ഇനിമുതൽ ആഭരണവുമാകും. ഭക്ഷണയോഗ്യമായ തേഡ്, വെള്ളക്കോര, ചെന്നവര, ഓയിൽ ഫിഷ് എന്നിവയുടെ ചെവിയുടെ ഭാഗത്ത് കാണുന്ന രണ്ട് കല്ലുകളാണ് ആഭരണങ്ങളായി ഉപയോഗിക്കുന്നത്. കാഴ്ചയ്ക്ക് വെള്ളാരങ്കല്ലിന് സമാനമായ വെള്ളനിറത്തിലുള്ള കല്ലുകളാണ് ആഭരണ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

ഈജിപ്തിലെ(Egypt) ശുഭാപ്തി വിശ്വാസത്തിൻ്റെ ഭാഗമായി ഇത്തരം ആഭരണങ്ങൾ അണിയുന്നത് പതിവായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. ഈ കല്ല് വിവിധ ലോഹങ്ങളിൽ പതിപ്പിച്ചും അതേസമയം ഇവയിൽ ദ്വാരമിട്ട് ആഭരണങ്ങളാക്കിയും ധരിക്കാം. ഇവ കേടുകൂടാതെ വർഷങ്ങളായി ഉപയോഗിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ചെന്നവരയുടെയും തേഡിൻ്റെയും അര സെൻ്റിമീറ്റർ വലുപ്പവും വെള്ളക്കോരയുടെത് ഒരു സെൻ്റിമീറ്റർ വലുപ്പവും ഓയിൽ ഫിഷിൻ്റെത് ഒന്നു മുതൽ മൂന്ന് സെൻ്റിമീറ്റർ വലുപ്പവുമുള്ള കല്ലുകളാണ് ലഭിക്കുന്നത്. ഇതിൽ ഓയിൽ ഫിഷ് തൂത്തുകുടി ഭാഗത്തുനിന്നുമാണ് ലഭിക്കുന്നത്. ഈ കല്ലുകൾ കമ്മൽ,മോതിരം, ലോക്കറ്റ് തുടങ്ങിയ ആഭരണങ്ങളായി മാറ്റാൻ കഴിയും. ചെവിക്കല്ല് ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം ഇതിനോടകം തന്നെ ആരംഭിച്ചു.

ഐ.സി.എ.ആർ (ICAR)- കേന്ദ്രസമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) (CMFRI)നേതൃത്വത്തിൽ അഞ്ച് ദിവസത്തേക്ക് മത്സ്യതൊഴിലാളി വിഭാഗത്തിൽപെടുന്ന വനിതകൾക്കായുള്ള പരിശീലനപരിപാടി വിഴിഞ്ഞത്ത് ആരംഭിച്ചു . മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യമല്ലാത്ത ശരീരഭാഗങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റിയെടുക്കുക വഴി വനിതകൾക്ക് മികച്ച വരുമാനം നേടാനും കോവളം പോലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശത്തിന്റെ വിപണന സാധ്യത പ്രയോജനപെടുത്താനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. സി.എം.എഫ്. ആർ.ഐ ഫിൻഫിഷ് ഫിഷറീസ് ഡിവിഷൻ ഹെഡ് ഡോ. ശോഭ ജോ കിഴക്കൂടൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഇ.എം. അബ്ദുസ്സമദ് മുഖ്യപ്രഭാഷണം നടത്തി. വിഴിഞ്ഞം സെന്റർ ഹെഡ് ഡോ. ബി.സന്തോഷ്‌, വിഴിഞ്ഞം വാർഡ് കൗൺസിലർ നിസ്സാമുദിൻ, സയന്റിസ്റ് ഡോ.സൂര്യ എന്നിവർ പ്രസംഗിച്ചു.

എന്താണ് ഒട്ടോലിത്തുകൾ(What is Autolith)?

മത്സ്യങ്ങളുടെ ചെവിയ്ക്കുള്ളിലെ കാത്സ്യം നിക്ഷേപിച്ച് രൂപപ്പെടുന്ന കല്ലുകളാണ് ഒട്ടോലിത്തുകൾ.
മത്സ്യത്തിന്റെ സന്തുലിതാവസ്ഥയും കേൾവിയും നിലനിർത്തുകയാണ് ധർമ്മം. ഇവയുടെ പുറത്തെ വളയങ്ങൾ ഉപയോഗിച്ച് മത്സ്യത്തിൻ്റെ ആയുസ്, ശുദ്ധജല മത്സ്യമാണോ കടൽ മത്സ്യമാണോ തുടങ്ങിയവ ശാസ്ത്രീയ പരിശോധനയിലൂടെ അറിയാനാകും. സിന്ധൂ നദീതട സംസ്കാര കാലത്തെ ഓട്ടോലിത്തുകൾ ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment