തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.
ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി 26ന് ആറ്റുകാൽ പൊങ്കാല മഹോത്സവം അവസാനിക്കും.
അതേസമയം ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷൻ വൃശ്ചികപ്പിറവിയായ നവംബർ 17-ന് രാവിലെ എട്ടിന് ആരംഭിച്ചിരുന്നു. ഉത്സവത്തിന്റെ മൂന്നാംനാൾ മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 മുതൽ 12 വയസുവരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. ഇത്തവണ മൂന്നാം ഉത്സവ ദിവസമായ 19നാണ് കുത്തിയോട്ട വ്രതം ആരംഭിയ്‌ക്കുന്നത്. കഴിഞ്ഞ തവണ 743 ബാലന്മാരാണ് വ്രതമെടുത്തത്.