പൊങ്കാലയർപ്പിക്കാൻ പതിനായിരങ്ങൾ തലസ്ഥാനത്ത്:Attukal Pongala 2024

Written by Taniniram Desk

Updated on:

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനനഗരം .വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങൾ പല നാൾ മുമ്പ് തന്നെ തിരുവനന്തപുരത്ത് (Thiruvananthapuram)എത്തിയിരുന്നു. ആറ്റുകാൽ (Attukal Temple)ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.

ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

കെഎസ്ആർടിസിയും(KSRTC) റെയിൽവേയും(Railway) പ്രത്യേക സർവീസും നടത്തും. ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ടത്

ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലിലേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ദിശ(Disha) 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
  • കട്ടി കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
  • നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
  • തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
  • ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
  • ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
  • ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
  • സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
  • കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം
  • കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
  • തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
  • പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക

മുൻ വർഷത്തെ പോലെ വളരെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും നടക്കുക. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ (Green Protocol)പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം. അഞ്ച് ആംബുലന്‍സുകളുള്‍പ്പെടെ അഗ്നിരക്ഷാസേനയുടെ(Fire Force) പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ ടീമും 108 ആബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment