ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻറെ ട്രക്ക് ഗംഗാവാലി പുഴയിൽനിന്ന് കണ്ടെത്തിയെങ്കിലും രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്.
ഇത് ദൗത്യത്തിൻറെ സുഗമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. രാത്രിയിലടക്കം തെരച്ചിൽ ഊർജിതമാക്കി ട്രക്ക് എത്രയും വേഗം കരയ്ക്ക് എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ കനത്ത മഴയും കാറ്റും കാരണം നാവികസേന പുഴയിൽനിന്ന് തിരികെ കരയിലേക്ക് മടങ്ങിയിരിക്കുകയാണ്. നേരത്തെ തെരച്ചിൽ രാത്രിയിലും തുടരാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലമാണ് രാത്രി രക്ഷാപ്രവർത്തനം നടത്തേണ്ടിതില്ലെന്ന് അധികൃതർ തീരുമാനിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് അർജുൻറെ ട്രക്ക് ഗംഗാവാലി പുഴയുടെ അടിത്തട്ടിൽ ഉണ്ടെന്ന് കർണാടക റവന്യു മന്ത്രിയും എസ്പിയും സ്ഥിരീകരിച്ചത്. കരയിൽനിന്ന് 40 മീറ്റർ അകലെയാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
എന്നാൽ സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്കോ മറ്റ് ലോഹ ഭാഗങ്ങളോ ആകാമെന്ന് സേന പറയുന്നു. ഹൈ ടൻഷൻ വയറിൻറെ തൂണുകൾ പൊട്ടി വീണതോ ആകാമെന്ന നിഗമനത്തിലാണ് സേന.