അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. അര്‍ജുനെ ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്നും അല്ലെങ്കില്‍ കേരളത്തിലെ സന്നദ്ധപ്രവര്‍ത്തകരെ അതിനായി അനുവദിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അങ്കോലയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുന്നില്ലെന്നും വീഴ്ച ചര്‍ച്ചയാവുന്നതില്‍ അധികൃതര്‍ക്ക് അതൃപ്തിയുണ്ടെന്നും അവര്‍ പറഞ്ഞു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളില്‍ ഒരാളെ കര്‍ണാടക എസ്.പി. മര്‍ദിച്ചതായും കുടുംബം ആരോപിച്ചു.