കെഎസ്‌യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന നിലപാട് എടുത്തയാളാണ്
താനെന്ന് എകെ ആൻ്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അങ്ങയുടെ രാഷ്ട്രീയം കണ്ടുവളർന്ന മകൻ ഇപ്പോൾ ബിജെപിയിലാണെന്ന്മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ ഇതേ കാര്യം ആവർത്തിക്കുകയാണ് ആൻ്റണി ചെയ്തത്. “കുട്ടിക്കാലം മുതൽക്ക് തന്റെ രാഷ്ട്രീയം ഇതാണ്, കുടുംബം വേറെ രാഷ്ട്രീയം വേറെ,” അദ്ദേഹം പറഞ്ഞു. അങ്ങ് അടക്കമുള്ള ആളുകളോട് പാകിസ്‌താനിൽ പോകാനാണ് അനിൽ ആന്റണി പറയുന്നതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ താൻ ഉത്തരം പറഞ്ഞുവെന്നും അതിലപ്പുറം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കു വേണ്ടി പ്രചാരണത്തിനു പോകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ പ്രചാരണത്തിന് പോകാതെ തന്നെ ആന്റോ ആന്റണി ജയിക്കും. പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണമെന്നും ആന്റണി പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ സുവർണകാലം കഴിഞ്ഞെന്നും എ കെ ആന്റണി പറഞ്ഞു. അവരുടെ സുവർണകാലം 2019 ലോക്ഭാ തെരഞ്ഞെടുപ്പായിരുന്നു. ശബരിമല യുവതീ പ്രവേശന പ്രശ്നം കത്തിനിന്ന ഘട്ടത്തിൽ ബിജെപിക്ക് ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019ൽ അവർക്ക് ലഭിച്ച വോട്ട് ഒരിടത്തും കിട്ടില്ലെന്നും ആന്റണി പറഞ്ഞു.
തനിക്കിപ്പോൾ പഴയപോലെ സഞ്ചരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തെന്നും ആന്റണി വ്യക്തമാക്കി. തനിക്ക് രണ്ടുതവണ കോവിഡ് വന്നു. അതിന്റെ പരിക്കുകൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിലുള്ള ഉമ്മൻചാണ്ടിയുടെ മരണശേഷമുണ്ടായ തെരഞ്ഞെടുപ്പിലും മാത്രമാണ് താൻ പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും, ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്നും ഉള്ള ബോധ്യം കൊണ്ടാണ് ഈ വാർത്താ സമ്മേളനം വിളിച്ചതെന്ന് ആന്റണി പറഞ്ഞു.