- Advertisement -
മലപ്പുറം| അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിന്‍ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ കാണാതെ റോഡിലും മറ്റും ഏറെ നേരം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് പനങ്ങാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍, ഷിഫു.