ആലപ്പുഴ (Alappuzha) : അയൽവാസികളായ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി 60-കാരൻ മോഹനനാണ് മരിച്ചത്.
മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഭക്ഷണം തയ്യാറാക്കിയത് അയൽവാസിയായ ചന്ദ്രന്റെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു. വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമായി. ഇതിനിടെ കസേര എടുത്ത് ലളിതയെ ചന്ദ്രൻ അടിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയതാണ് മോഹനൻ. ഇതിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകുവഴി മരിക്കുകയായിരുന്നു. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു മോഹൻ. ശരീരത്തിൽ അക്രമം ഏറ്റതിന്റെ പാടുകൾ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.