മലയാറ്റൂര്‍ : ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപെടുത്തി. മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ രക്ഷപെടുത്തിയത്. ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ ഭിത്തി മാന്തിയെടുത്ത വഴിയിലൂടെയാണ് ആനക്കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പുറത്തെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചും പിന്നാലെ ഓടിയും കാട്ടില്‍ കയറ്റി വിട്ടു. ആനക്കുട്ടി സുരക്ഷിതനും ആരോഗ്യവാനുമായാണ് കാണപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനക്കുട്ടി സുരക്ഷിതമായി ആനക്കൂട്ടത്തിനടുത്ത് എത്തുന്നതുവരെ അനുഗമിക്കുമെന്നും വനപാലകര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് ആനക്കുട്ടി പന്ത്രണ്ടടിയിലധികം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണത്. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആനക്കുട്ടി കിണറില്‍ വീണ വിവരം അറിഞ്ഞത്. എന്നാല്‍ സമീപത്ത് തന്നെ മറ്റ് ആനകള്‍ നിലയുറപ്പിച്ചിരുന്നതുകൊണ്ട് അടുക്കാനായില്ല. കിണറിനുള്ളില്‍ നിന്നുള്ള ആനക്കുട്ടിയുടെ ബഹളം കേട്ട് സമീപത്ത് തന്നെയുള്ള കാട്ടാനക്കൂട്ടം ഇവിടേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 27 ആനകളോളം ഈ മേഖലയില്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു