ഷിരൂർ (Shiroor) : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നൽ ലഭിച്ചതും നിർണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്.
വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചിൽ.