കൊച്ചിയിൽ 446 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) കാമറകൾ സ്ഥാപിച്ചു . കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ആണ് കൊച്ചി പോലീസിനായി കാമറകൾ സ്ഥാപിച്ചത്. ഇൻ്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം (ഐടിഎംഎസ്), ഇൻ്റഗ്രേറ്റഡ് സിറ്റി സർവൈലൻസ് സിസ്റ്റം (ഐസിഎസ്എസ്) എന്നീ രണ്ട് പദ്ധതികൾക്കായാണ് കാമറകൾ സ്ഥാപിച്ചത് . രണ്ടു പദ്ധതികൾക്കുമായി ഏകദേശം 40 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
കൊച്ചി നഗരത്തിൽ മെട്രോ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ പോലീസിൻ്റെ ഭൂരിപക്ഷം കാമറകളും പ്രവർത്തനരഹിതമാണെന്നാണ് റിപ്പോർട്ട്. പുതുതായി സ്ഥാപിച്ച 446 എഐ കാമറകളിൽ 80 എണ്ണം കൊച്ചിയിലെ ട്രാഫിക് ജങ്ഷനുകളിൽ ഇൻ്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം പദ്ധതിക്കായാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെൻ്ററുമായാണ് കാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. കാമറ ഉപയോഗിച്ചു ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കാനും പോലീസിന് സാധിക്കും. കൂടാതെ, രാവും പകലും നടക്കുന്ന ഗതാഗത നിയമലംഘനങ്ങളും പോലീസിന് എഐ കാമറ ഉപയോഗിച്ചു കണ്ടെത്താനാകും.
നഗരത്തിൻ്റെ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവരെ കണ്ടെത്താനുമായി ഇൻ്റഗ്രേറ്റഡ് സിറ്റി സർവൈലൻസ് സിസ്റ്റം പദ്ധതിക്ക് കീഴിൽ 33 പാൻ, ടിൽറ്റ്, സൂം കാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചരിക്കുന്നത്. ശേഷിക്കുന്ന 333 കാമറകൾ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ നീക്കങ്ങളും വാഹനങ്ങളുടെ സഞ്ചാരവും നിരീക്ഷിക്കാനായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു.