തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ പ്രവചനം. ചക്രവാതചുഴിയിൽ നിന്ന് വിദർഭ വരെ ന്യുനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് സാധ്യത അറിയിച്ചത്.
മഴ ശക്തമാകുന്ന മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.