ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് 11ന്

Written by Taniniram1

Published on:

കേരള പി എസ് സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി നിയമിതരായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഫെബ്രുവരി 11ന് രാവിലെ 7.30 ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കും. വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.

യഥാക്രമം മൂന്ന്, ആറ് മാസം നീണ്ട പൊലീസ്, ഫോറസ്റ്റ് പരിശീലനവും വിജയകരമായി പൂര്‍ത്തീകരിച്ച 460 പേരുടെ പാസിങ് ഔട്ടാണ് നടക്കുക. വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റോള്‍ ചെയ്ത 123-മത് ബാച്ചിലെ 238 പേരും അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റോള്‍ ചെയ്ത 87 – മത് ബാച്ചിലെ 222 ഉം പേരാണ് പാസിങ് ഔട്ടിലും കോണ്‍വെക്കേഷനിലും പങ്കെടുക്കുന്നത്. ഇതില്‍ 88 വനിതകളും 372 പുരുഷന്മാരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം – 18, പത്തനംതിട്ട – 10, കൊല്ലം – 10, കോട്ടയം – 21, ഇടുക്കി – 35, എറണാകുളം – 12, തൃശൂര്‍ – 9, പാലക്കാട് – 57, മലപ്പുറം – 28, കോഴിക്കോട് – 16, കണ്ണൂര്‍ – 44, വയനാട് – 161, കാസര്‍ഗോഡ്- 39 പേര്‍ എന്നിങ്ങനെയാണ് കണക്ക്. മൂന്ന് മാസത്തെ പോലീസ് പരിശീലനത്തില്‍ ഐ.പി.സി, സി.ആര്‍.പി.സി നിയമങ്ങളും പരേഡ്, ആയുധ പരിശീലനം എന്നിവയും നല്‍കി. ആറുമാസത്തെ ഫോറസ്റ്റ് പരിശീലനത്തില്‍ വന നിയമങ്ങള്‍ ഫോറസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ 14 വിഷയങ്ങളിലും നൂതന സാങ്കേതിക വിദ്യകളായ ഡ്രോണ്‍ സര്‍വേലന്‍സ്, ടോട്ടല്‍ സ്റ്റേഷന്‍, വിവിധ മനുഷ്യ- വന്യജീവി സംഘര്‍ഷ പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയിലും പരിശീലിപ്പിച്ചു. കൂടാതെ കേരള ഫയര്‍ അക്കാദമിയുടെ ജംഗിള്‍ സര്‍വ്വൈവല്‍, ദുരന്ത നിവാരണ പരിശീലനവും ലഭ്യമാക്കി.

പരിപാടിയില്‍ ഫോറസ്റ്റ് ഫോഴ്‌സ് മേധാവിയും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുമായ ഗംഗ സിങ് അധ്യക്ഷയാകും. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (എച്ച് ആര്‍ ഡി) ഡി.കെ വിനോദ്കുമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. പി പുകഴേന്തി, സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. എല്‍ ചന്ദ്രശേഖര്‍, വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍, കേരള പൊലീസ് അക്കാദമി ഡയറക്ടറും എ.ഡി.ജി.പി (പരിശീലനം) ഗോപേഷ് അഗര്‍വാള്‍, ഇക്കോ ഡെവലപ്‌മെന്റ് ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജെ ജസ്റ്റിന്‍ മോഹന്‍, സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ അഡലറാസന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Comment