മനാമ: ഒന്‍പതുവര്‍ഷമായി തുടരുന്ന യെമന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി യുഎന്‍ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച് ഹുതികളും പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലും. ഇവര്‍ വെടി നിര്‍ത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും യുഎന്‍ പ്രത്യേക ദൂതന്‍ ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് പറഞ്ഞു.
യെമനിലെ സൗദി പിന്തുണയുള്ള പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍ അലിമിയും ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മുഖ്യ ഇടനിലക്കാരനായ മുഹമ്മദ് അബ്ദുള്‍ സലാമുമായി ഗ്രണ്ട്‌ബെര്‍ഗ് സൗദിയിലും ഒമാനിലും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളെ തുടര്‍ന്നാണ് തീരുമാനം.
രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ നടപ്പാക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളില്‍ ഏര്‍പ്പെടാനുമുള്ള കക്ഷികളുടെ പ്രതിബദ്ധതയെ താന്‍ സ്വാഗതം ചെയ്യുന്നതായി ഗ്രണ്ട്‌ബെര്‍ഗ് പറഞ്ഞു.
ഈ പ്രതിബദ്ധതകളും അവ നടപ്പാക്കാനുമായി പദ്ധതി ആവിഷ്‌ക്കാന്‍ പാര്‍ട്ടികളുമായി യുഎന്‍ ബന്ധപ്പെടുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. സിവില്‍ സര്‍വീസ് ജീവനക്കാരുടെ ശമ്പളം നല്‍കുക, വിമതര്‍ ഉപരോധിച്ച നഗരമായ തേസിലേക്കും യെമനിലെ വഴികള്‍ തുറക്കുക, എണ്ണ കയറ്റുമതി പുനരാരംഭിക്കുക എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ നേതൃത്വത്തിലുള്ള ശ്രമങ്ങളെ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ സ്വാഗതം ചെയ്തു. സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് സൗദിയോടും ഒമാനോടും സര്‍ക്കാര്‍ നന്ദി അറിയിച്ചു.
2014ലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹുതികള്‍ തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി ആബെദ് റബ്ബോ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുറത്താക്കി. 2015 ല്‍ ഹൂതികളില്‍നിന്നും യെമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന ഇടപെട്ടു. യെമന്‍ സംഘര്‍ഷത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചു. രാജ്യം രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലായി. ജനസംഖ്യയുടെ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്ന അവസ്ഥയായി.