ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
മഹാരാഷ്ട്ര ഐസിസ് കേസിൽ ആറുപേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) കുറ്റപത്രം സമർപ്പിച്ചു. തബിഷ് നാസർ സിദ്ദിഖി, സുൽഫിക്കർ അലി ബറോദാവാല, സുബൈർ നൂർ മുഹമ്മദ് ഷെയ്ഖ്, ഷർജീൽ അബ്ദുൾ സത്താർ ഷെയ്ഖ്, അദ്നാലി ഖമറലി സർക്കാർ, ആഖിഫ് അതീഖ് നാച്ചൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഏകദേശം 4,000 പേജടങ്ങുന്ന കുറ്റപത്രമാണ് പ്രതികൾക്കെതിരെ സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ രാജ്യത്ത് തീവ്രവാദ പ്രചരണം നടത്താനും കൂടുതൽ യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാനും പ്രതികൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായി ആരോപിക്കുന്നു.
13 സാക്ഷികളുടെ മൊഴികളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ ഷർജീൽ ഷെയ്ഖിന്റെ ഫോണിൽ ആയുധങ്ങളുമായി മുഖംമൂടി ധരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക പിടിച്ച് നിൽക്കുന്നതിന്റെയും ‘ബയാത്ത്’ (വിശ്വാസത്തിന്റെ പ്രതിജ്ഞ) എടുത്തിരിക്കുന്നതിന്റെയും വീഡിയോകൾ അന്വേഷണസംഘം കണ്ടെത്തി. കൂടാതെ ഇസ്ലാമിക തീവ്ര മത പ്രഭാഷകൻ അഹ്മദ് മൂസ ജിബ്‌രീലിന്റെ പ്രസംഗ വീഡിയോകളും അതിലുണ്ടായിരുന്നു. അതോടൊപ്പം ഐസിസ് തീവ്രവാദി മറ്റൊരാളെ കഴുത്തറുത്ത് കൊല്ലുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും ഫോണിൽ നിന്ന് തെളിവുകളായി ലഭിച്ചിട്ടുണ്ട്.
ഐസിസ് പ്രസിദ്ധീകരിച്ച സാവ്ത് അൽ- ഹിന്ദ് (വോയ്സ് ഓഫ് ഹിന്ദ്) മാസികയിലെ ചില പ്രധാന ഭാഗങ്ങളും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് ജിഹാദ് പ്രചരിപ്പിക്കാനും ആക്രമണങ്ങൾ നടത്താനും മുസ്ലീങ്ങളെ സജീവമായി റിക്രൂട്ട് ചെയ്യാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ മാസികയുടെ ഉള്ളടക്കം. ഇതിനുപുറമേ വോയ്‌സ് ഓഫ് ഖൊറാസാൻ (വോക്ക്), ഖിലാഫത്ത് മാസികകൾ എന്നിവയും എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്തു.
ഇതിൽ ഖിലാഫത്ത് മാസികയിൽ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലായി നടന്ന ഐഎസ്ഐഎസിന്റെ കൊലപാതകങ്ങൾ, ഉപരോധം, മുസ്ലീങ്ങൾ എടുത്ത ബയാത്തിന്റെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സുബൈർ, വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പുകളിലൂടെ സന്ദേശങ്ങൾ, യുട്യൂബ് ലിങ്കുകൾ, അക്രമാസക്തമായ ജിഹാദുമായി ബന്ധപ്പെട്ട വീഡിയോകൾ, ഐസിസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ എന്നിവ പങ്കുവെച്ചിട്ടുണ്ട്. ‘യൂണിറ്റി ഇൻ മുസ്ലീം ഉമ്മ’, ’ ഇംമ്പോർട്ടൻഡ്’ എന്നീ ഗ്രൂപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ പ്രതികളായ തബിഷ് സിദ്ദിഖിയും സുൽഫിക്കർ എയിൽ ബറോദാവാലയും ‘ബയാത്ത്’ എടുത്ത് ഐസിസുമായി ഇമെയിലിൽ പങ്കുവെച്ചതായി എൻഐഎ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ മറ്റു പലർക്കുമായി ഡിഐവൈ കിറ്റുകൾ (DIY Kit) നൽകിയതായും കണ്ടെത്തി. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനും അന്വേഷണ സംഘത്തിന്റെ പിടിയിലാവാതിരിക്കാനും പ്രതികളായ തബിഷ് സിദ്ദിഖിയും സുൽഫിക്കറും ടെലിഗ്രാമിൽ ആണ് ആശയവിനിമയം നടത്തിയിരുന്നത്..