പാരീസ് ഒളിമ്പിക്സിന് ദീപം തെളിഞ്ഞു

Written by Taniniram1

Published on:

പാരീസ് ഒളിമ്പിക്സിൽ അപ്പോളോ ദേവൻ്റെ കടാക്ഷമില്ലാതെ ഇത്തവണ ഒളിംപിക് ദീപം തെളിഞ്ഞു. സൂര്യൻ മുഖം കറുപ്പിച്ചു നിന്ന ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ ഇത്തവണ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ദീപം തെളിക്കൽ നടന്നത്. പാരിസ് ഒളിംപിക്‌സ് ഒരുക്കങ്ങളുടെ ഭാഗമായ പ്രധാന ചടങ്ങായ ദീപശിഖ പ്രയാണത്തിനായുള്ള ദീപം സൂര്യപ്രകാശത്തിൽനിന്നു തെളിക്കുന്നതായിരുന്നു പതിവ്.എന്നാൽ, മേഘാവൃതമായ കാലാവസ്ഥയിൽ സൂര്യപ്രകാശം കുറവായതിനാൽ തലേദിവസത്തെ റിഹേഴ്‌സലിൽ കത്തിച്ച തീനാളം ദീപശിഖയിലേക്കു പകരുകയായിരുന്നു. തൊട്ടുപിന്നാലെ മാനം തെളിഞ്ഞെങ്കിലും പരമ്പരാഗത ശൈലിയിലെ ദീപം തെളിക്കൽ വേണ്ടെന്നു സംഘാടകർ തീരുമാനിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ ഗ്രീസിലൂടെ പ്രയാണം നടത്തിയാണു ദീപശിഖ ഒളിംപിക്‌സ് വേദിയായ പാരിസിലേക്കു പോവുക. ഗ്രീക്ക് അഭിനേത്രി മേരി മിനയാണ് ദീപശിഖ തെളിക്കൽ ചടങ്ങിൽ പ്രധാന കാർമികത്വം വഹിച്ചത്. തുടർന്ന്, ടോക്കിയോ ഒളിംപിക്‌സിൽ റോവിങ്ങിൽ സ്വർണം നേടിയ ഗ്രീസ് താരം സ്റ്റെഫാനോസ് ദുസ്കോസ് ദീപശിഖ ഏറ്റുവാങ്ങി.

Leave a Comment