ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ വിമതർ ഭരണം പിടിച്ചെടുത്തെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ റിപ്പോർട്ട് . പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടെന്നും സൈന്യത്തെ ഉദ്ധരിച്ച് കൊണ്ട് ഏജൻസി റിപ്പോർട്ട് ചെയ്തു . നേരത്തെ പ്രസിഡന്റ് രാജ്യത്ത് തന്നെയുണ്ടെന്നയിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഏകാധിപത്യ ഭരണം അവസാനിച്ചെന്നും സിറിയ സ്വതന്ത്രമായെന്നും വിമത പോരാട്ടത്തിന് നേതൃത്വം നൽകുന്ന അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
വിമത സൈന്യം ഹയാത് തഹ്രീർ അൽ ഷാം, ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തതാണ് സർക്കാരിന് തിരിച്ചടിയായത്. തലസ്ഥാനമായ ദമാസ്‌ക്കസിനെ വിമതർ വളഞ്ഞിരിക്കുകയാണ്. മിക്ക ഇടങ്ങളിലും സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് ദുർബലമാണ്.
ജോർദാന് സമീപമുള്ള ദേറാ പിടിച്ചെടുത്തത് വിമതർക്ക് ബലം കൂട്ടിയിട്ടുണ്ട്. 2011-ൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ദേറാ. അതേസമയം, അസദിനെ പിന്തുണച്ചുകൊണ്ട് ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ദോഹയിൽ കൂടിക്കാഴ്ച നടത്തി. സിറിയൻ പ്രദേശങ്ങൾ ഭീകര സംഘടനകളുടെ പിടിയിലാക്കരുതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗേയ് ലാവ്റോവ് മുന്നറിയിപ്പ് നൽകി. ലെബനൻ-സിറിയ അതിർത്ത് പ്രദേശത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വടക്കൻ അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്കൻ ദെയ്ര് അൽ സോർ എന്നിവിടങ്ങൾ വിമതർ ഇതിനകം കൈയടക്കി. സിറിയയിലെ പ്രധാനപ്പെട്ട നഗരമാണ് ഹമാ. റഷ്യയുടെയും സിറിയയുടേയും വ്യോമസേന ചെറുത്തുനിക്കാൻ ശ്രമിച്ചു എങ്കിലും വിമതരുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. ആക്രമണങ്ങളിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണം നടത്തുന്നുണ്ട്.