ചാന്ദ്രദൗത്യങ്ങള്‍ക്ക് വഴികാട്ടിയും അടയാളവുമായി വിക്രം ലാൻഡർ.

Written by Taniniram1

Published on:

ചന്ദ്രനില്‍ ഒരു അതിരടയാളമായി ഇനി ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ . ചന്ദ്രനിലെ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തുന്നതിനായി വിക്രം ലാൻഡറില്‍ സ്ഥാപിച്ച ചെറു ഉപകരണത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് വിക്രം ലാൻഡറിനെ ലക്ഷ്യമാക്കി അയച്ച ലേസര്‍ പ്രകാശം ലാൻഡറില്‍ സ്ഥാപിച്ച ലേസര്‍ റെട്രോറിഫ്‌ളക്ടര്‍ അരേയില്‍ (എല്‍ആര്‍എ) തട്ടി പ്രതിഫലിക്കുകയും അത് ഓര്‍ബിറ്റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒരു ഇഞ്ച് വീതിയുള്ള ഒരു താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഉപകരണമാണിത്. ഇതിന് മുകളില്‍ എട്ട് കണ്ണാടികളുമുണ്ട്. ഏത് ദിശയില്‍ നിന്നും വരുന്ന പ്രകാശവും പിടിച്ചെടുക്കാനും പ്രതിഫലിപ്പിക്കാനും ആവും വിധമാണ് ഈ കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ളത്.


20 ഗ്രാം ആണ് എല്‍ആര്‍എയുടെ ഭാരം. നാസയാണ് ഈ പരീക്ഷണത്തിനായി ഇത് വിക്രം ലാൻഡറില്‍ സ്ഥാപിച്ചത്. ഇതൊരു ഇലക്ട്രോണിക് ഉപകരണം അല്ല. അതിനാല്‍ തന്നെ ഇതിന് വൈദ്യുതി ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇത് ദശാബ്ദങ്ങളോളം ഉപയോഗിക്കാനാവും. ഈ ഉപകരണം അടക്കം ഏഴ് പേലോഡുകളാണ് വിക്രമിലുള്ളത്. റിഫ്‌ളക്ടറുകള്‍ ഉപയോഗിക്കാനാണ് പദ്ധതിയെന്ന് നാസ പറയുന്നു. ഇത് ആദ്യമായല്ല ചന്ദ്രനില്‍ എല്‍ആര്‍എ പരീക്ഷിക്കുന്നത്. അപ്പോളോ ദൗത്യങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്. അതിലൊരു ഉപകരണമാണ് ചന്ദ്രന്‍ ഓരോ വര്‍ഷവും ഭൂമിയില്‍ നിന്ന് 1.5 ഇഞ്ച് അകന്ന് പോവുന്നുണ്ടെന്ന് കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് പ്രകാശ തരംഗങ്ങള്‍ ചന്ദ്രനിലേക്ക് അയച്ച് തിരികെയെത്തുന്ന പ്രതിഫലനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. വിക്രം ലാൻഡറിലുള്ള എല്‍ആര്‍എ മുന്‍ഗാമികളേക്കാള്‍ വളരെ ചെറുതും സങ്കീര്‍ണവുമാണ്. ഇത് വിവിധ സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാവും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള ഏക എല്‍ആര്‍എയും വിക്രം ലാൻഡറിലേതാണ്.


ഭാവി ചാന്ദ്ര ദൗത്യങ്ങളില്‍ സ്ഥാനനിര്‍ണയത്തിനുള്ള അടയാളമായി വിക്രം ലാൻഡറിലെ എല്‍ആര്‍എ ഉപയോഗപ്പെടുത്താനാവും. മറ്റ് ചാന്ദ്ര പേടകങ്ങളുടെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി കണക്കാക്കാനും ഇത് സഹായിക്കും. യുഎസ് സ്വകാര്യ കമ്പനിയായ ആസ്‌ട്രോബോടിക്‌സ് വിക്ഷേപിച്ച ചാന്ദ്ര പേടകത്തിലും എല്‍ആര്‍എ ഘടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പേടകം ഗതിമാറി സഞ്ചരിച്ചതിനാല്‍ ചന്ദ്രനില്‍ ഇറക്കാനാവില്ല. വെള്ളിയാഴ്ച ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയ ജപ്പാന്റെ സ്ലിം പേടകത്തിലും സമാനമായ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്.

Leave a Comment