1985ൽ ഫ്ലോറൻസിലും പിന്നീട് 1986ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള ഗൗൺ ലേലം ചെയ്തത് ഒമ്പതുകോടി രൂപയ്‍ക്ക്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളിൽ ഏറ്റവും കൂടുതൽ വില കിട്ടിയ വസ്ത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ലേലത്തിനുണ്ട്.
യഥാർത്ഥത്തിൽ 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് വസ്ത്രം. മൊറോക്കൻ-ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ജാക്വസ് അസഗുരിയാണ് ഈ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. അന്ന് പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയായിരുന്നു ഗൗണിന് ലഭിച്ചത്.
പര്‍പ്പിള്‍ നിറത്തിലുള്ള ഗൗൺ ന്യൂയോര്‍ക്കില്‍ െവച്ചായിരുന്നു ലേലം ചെയ്തത്. അന്ന് പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആയിരുന്നു ലേലം സംഘടിപ്പിച്ചത്. ഒരു കോടി രൂപയായിരുന്നു സോത്തെബീസ് ഗൗണിന് പ്രതീക്ഷിച്ചിരുന്ന വില. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയായിരുന്നു ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍ ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് പർപ്പിൾ ഗൗൺ ഡിസൈന്‍ ചെയ്തത്. വസ്ത്രം വാങ്ങിയത് ആരാണ് എന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.