ന്യൂഡല്‍ഹി : മുംബൈ ഭീകാരക്രമണത്തിന്റെ സൂത്രധാരനായ ഭീകരന്‍ ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്ഥാന്‍. ഹാഫിസ് സയീദിനായി ഇന്ത്യ പാകിസ്ഥാന് കത്ത് അയച്ചിരുന്നു. എന്നാല്‍ കത്ത് ലഭിച്ചെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാകിസ്ഥാന്‍ പ്രതികരിക്കുകയായിരുന്നു. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയില്‍പ്പെട്ടൊരാളെ കൈമാറാന്‍ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.
ഭീകരസംഘടനയായ ലക്ഷ്‌കറെ തയിബയുടെ സ്ഥാപകനായ ഹാഫിന്റെ തലയ്ക്ക് യുഎസ് ഒരു കോടി ഡോളര്‍ വിലയിട്ടിട്ടുണ്ട്. കൂടാതെ 33 വര്‍ഷം തടവിന് കഴിഞ്ഞവര്‍ഷം ലഹോര്‍ കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹാഫിസിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ലാഹോറിലെ സ്ഥാനാര്‍ഥിയാണ് ഇയാളുടെ മകന്‍.