മോദിക്കെതിരെ പരാമർശം: മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

Written by Taniniram1

Published on:

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഹൈക്കമ്മിഷണറെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.

ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ അവിടേക്കു സന്ദർശകരെ ക്ഷണിച്ച് പ്രധാനമന്ത്രി കഴിഞ്ഞ വ്യാഴാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടിരുന്നു. ഇതു മാലദ്വീപ് ടൂറിസത്തെ തകർക്കാനാണെന്ന് അവിടെ മന്ത്രിമാരടക്കം ആരോപിച്ചു. കൂടുതൽ ഗുരുതര പദപ്രയോഗങ്ങൾ മന്ത്രി മറിയം ഷിയുനയുടേതായിരുന്നു. മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നുമായിരുന്നു പരാമർശം. വിവാദമായതോടെ പരാമർശം പിൻവലിക്കുകയായിരുന്നു.

Leave a Comment