വിദേശ പൗരന്മാര്‍ക്ക് നല്‍കുന്ന 5 മില്യണ്‍ ഡോളറിന്റെ ‘ഗോള്‍ഡ് കാര്‍ഡ്’ (Gold Card)പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്(Donald Trump). യുഎസ് പൗരത്വം ലഭിക്കുന്നതിനുള്ള ഏറ്റുവും മികച്ച വഴിയാണ് ഈ റെഡിഡന്റ് പെര്‍മിറ്റ്. ശരിക്കും പറഞ്ഞാല്‍ സമ്പന്നര്‍ക്ക് വേണ്ടിയുള്ള ഗ്രീന്‍ കാര്‍ഡ്.
സമ്പന്നരും ഉയര്‍ന്ന തലങ്ങളിലുള്ള വിദേശിയരെ ആകര്‍ഷിപ്പിക്കുന്ന പദ്ധതി രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ദേശീയ കമ്മി കുറയ്ക്കാന്‍ ഉചയോഗപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിദേശ നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിലവിലുള്ള ഇബി5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസയ്ക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് വിസയെത്തുന്നത്.
എന്തായിരുന്നു ഇബി5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ?
1990-ല്‍ ആരംഭിച്ചതാണിത്, രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പുതിയ ബിസിനസില്‍ കുറഞ്ഞത് 1.05 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച വിദേശ പൗരന്മാര്‍ക്ക് റെസിഡന്‍സിയും (ഗ്രീന്‍ കാര്‍ഡ്) ഒടുവില്‍ പൗരത്വവും വാഗ്ദാനം ചെയ്യുന്നത്.
ബിസിനസ്സ് ഗ്രാമപ്രദേശങ്ങളിലോ, ഉയര്‍ന്ന തൊഴിലില്ലായ്മയുള്ള പ്രദേശത്തോ, അല്ലെങ്കില്‍ ഒരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ ആയ പദ്ധതിയാണെങ്കില്‍ ബിസിനസിന് 800,000 ഡോളര്‍ നിക്ഷേപം മതിയെന്നാണ് വ്യവസ്ഥ. ഇബി5 പദ്ധതിയില്‍ പ്രതിവര്‍ഷം 10,000 വിസകളായി പരിമിതപ്പെടുത്തിയിരുന്നു. തൊഴിലില്ലായ്മ കൂടുതലുള്ള മേഖലകളിലെ നിക്ഷേപങ്ങള്‍ക്കായി 3,000 എണ്ണം നീക്കിവച്ചിരുന്നു.
എന്തുകൊണ്ട് പുതിയ മാറ്റം?
ഗ്രീന്‍ കാര്‍ഡ് വിസ ദുരുപയോഗം ചെയ്യപ്പെടുന്നതായും കുറഞ്ഞ ചിലവില്‍ വിസ നല്‍കിയിരുന്നതായും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. അതുകൊണ്ട് തന്നെ തട്ടിപ്പിലൂടെ ഗ്രീന്‍ കാര്‍ഡ് നേടാനുള്ള മാര്‍ഗവും ഉണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇബി5 പദ്ധതി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് അപേക്ഷകരുടെ വരുമാനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലെ വെല്ലുവിളികളുള്‍പ്പെടെയുള്ള ആശങ്കകള്‍ ഈ വിസ പ്രോഗ്രാമിനെതിരെ ഉയര്‍ന്നുവന്നിരുന്നു.
ആരൊക്കെയാണ് ഗോള്‍ഡന്‍ വിസയ്ക്ക് യോഗ്യരായവര്‍?
‘സമ്പന്നരോ, അല്ലെങ്കില്‍ വിജയിച്ചവരോ ആകാം. ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതികള്‍ നല്‍കുകയും നിരവധി പേരെ ജോലിക്കെടുക്കുകയും ചെയ്യുന്നവരാകാം. അതുകൊണ്ട് ഇത് വിജയകരമാകുമെന്ന് ഞങ്ങള്‍ കരുതുന്നു,’ ട്രംപ് പറഞ്ഞു.
വിസയ്ക്ക് എന്തെങ്കിലും പരിധിയുണ്ടോ?
ദേശീയ കമ്മി കുറയ്ക്കാന്‍ സഹായിക്കുന്നതിന് സര്‍ക്കാരിന് 10 ദശലക്ഷം വിസകള്‍ വരെ വില്‍ക്കാന്‍ കഴിയുമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചതിനാല്‍ പ്രോഗ്രാമില്‍ കൃത്യമായ പരിധിയില്ലെന്ന് തോന്നുന്നു. 10 മില്യണ്‍ വിസകള്‍ 50 ട്രില്യണ്‍ ഡോളര്‍ വരുമാനം കൊണ്ടുവരണം.
ഇബി5 പ്രോഗ്രാമില്‍ നിന്ന് പ്രയോജനം നേടുന്നവര്‍ ഉള്‍പ്പെടെ, നിലവിലുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, പൗരത്വത്തിന് യോഗ്യത നേടുന്നതിന് മുമ്പ് അഞ്ച് വര്‍ഷം യുഎസില്‍ നിയമപരമായ സ്ഥിര താമസക്കാരായി താമസിച്ചിരിക്കണം. ഗോള്‍ഡ് കാര്‍ഡ് വിസ ഉടമകള്‍ക്ക് പൗരത്വത്തിനായി അധികനാള്‍ കാത്തിരിക്കണമോ എന്നത് വ്യക്തമല്ല.
മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ഇത് ബാധിക്കുമോ?
യുഎസ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം, യുഎസില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നവരില്‍ ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വിഭാഗങ്ങളില്‍ 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ അപേക്ഷകര്‍ 2.19 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സമീപകാലത്ത് യുഎസ് എത്ര പേര്‍ക്ക് പൗരത്വം നല്‍കി?
കഴിഞ്ഞ ദശകത്തില്‍, യുഎസ്സിഐഎസ്(USCIS) 7.9 ദശലക്ഷത്തിലധികം പൗരന്മാരാക്കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ 818,500 പേര്‍ പൗരന്മാരായി. മുന്‍ വര്‍ഷത്തേക്കാള്‍ 7 ശതമാനം കുറവാണെങ്കിലും, മൂന്ന് വര്‍ഷത്തെ ആകെ എണ്ണം 2.6 ദശലക്ഷം പുതിയ പൗരന്മാരില്‍ കൂടുതലാണ്.
മറ്റ് രാജ്യങ്ങളിലും ഇതിനുസമാനമായ പദ്ധതികളുണ്ടോ?
സ്‌പെയിനും ഗ്രീസും ഗോള്‍ഡ് കാര്‍ഡ് പോലുള്ള സമാന പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. മാള്‍ട്ട, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിദേശ അപേക്ഷകര്‍ക്ക് നിക്ഷേപത്തിലൂടെ നേരിട്ട് പൗരത്വം നേടാന്‍ അനുവദിക്കുന്നുണ്ട്. ഗ്രെനഡ, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് തുടങ്ങിയ രാജ്യങ്ങള്‍ 200,000 ഡോളര്‍ മുതല്‍ 300,000 ഡോളര്‍ വരെ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് പദ്ധതി നടപ്പാക്കുന്നുണ്ട്.
ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കുന്നതില്‍ തടസങ്ങളുണ്ടോ?
യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ ട്രംപ് ഈ വിസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും, കോണ്‍ഗ്രസിന്റെ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നാണ് ട്രംപ് വാദിക്കുന്നത്. പൗരത്വ യോഗ്യതകള്‍ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഉദാഹരണത്തിന്, ട്രംപ് ഭരണകൂടം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇബി5 പ്രോഗ്രാമിന് അധികൃതര്‍ അംഗീകാരം നല്‍കിയിരുന്നു.