വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൊണ്ടുണ്ടായ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട്. പ്രളയ ദുരന്തത്തിൽ ആയിരത്തോളം പേരാണ് മരിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികളെന്ന് കരുതുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് കിം ജോങ് ഉൻ അറിയിച്ചിരുന്നതായി ഉത്തരകൊറിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുൻ ടിവി റിപ്പോർട്ട് ചെയ്തു.
ദുരന്തത്തിന് കാരണക്കാരെന്ന് കണ്ടെത്തിയ 20-30 ഉദ്യോഗസ്ഥരുടെ വധശിക്ഷ കഴിഞ്ഞ മാസം അവസാനം നടപ്പാക്കിയതായി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചുവെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈയിലാണ് ഉത്തര കൊറിയയിൽ അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. 4,000-ത്തിലധികം വീടുകൾ തകരുകയും 15,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കിം ജോങ് ഉൻ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. അതേസമയം, വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചെന്ന റിപ്പോർട്ടുകൾ ഉത്തര കൊറിയൻ നേതാവ് നിഷേധിച്ചിരുന്നു. ഉത്തരകൊറിയയുടെ പ്രശസ്തിക്ക് മങ്ങലേൽപ്പിക്കാൻ ദക്ഷിണ കൊറിയയാണ് ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്നാണ് കിം ജോങ് ഉൻ ആരോപിച്ചത്.