ജപ്പാൻ : ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ വിക്ഷേപിച്ച മൂണ്‍ സ്‌നൈപ്പർ എന്ന പേടകം ഇന്ന് ചന്ദ്രനില്‍ ഇറങ്ങും. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ജപ്പാന്റെ ദൗത്യം പൂർണമാകാൻ പോകുന്നത്. ഷിയോലി എന്ന ഗര്‍ത്തത്തിന് സമീപമുള്ള ഒരു ചരിവാണ് ലക്ഷ്യം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 7.30 യോടെയാണ് സ്ലിം പേടകം ചന്ദ്രനില്‍ ഇറങ്ങുക. ചന്ദ്രയാന്‍ 3 ലാന്റര്‍ ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള അമേരിക്കന്‍ സ്വകാര്യകമ്പനിയായ ആസ്‌ട്രോബോടിക്‌സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേ കല്‍പിക്കപ്പെടുന്നുള്ളൂ. ഇറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഏകദേശം നൂറ് മീറ്റര്‍ പരിധിയില്‍ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ഗതിനിര്‍ണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയില്‍ മൂണ്‍ സ്‌നൈപ്പര്‍’ എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്. സാധാരണ ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ദൗത്യങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന കിലോമീറ്ററുകള്‍ വ്യത്യാസത്തിലാണ് പേടകത്തിന് ഇറങ്ങാന്‍ സാധിക്കാറ്. മാത്രവുമല്ല ചരിഞ്ഞ പ്രതലമാണ് ജപ്പാന്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ പുതിയൊരു ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാവും. യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ പേടകം ഇറക്കിയിട്ടുള്ളത്. സ്ലിം ദൗത്യം വിജയം കണ്ടാല്‍ ജപ്പാനും ഈ പട്ടികയില്‍ ഇടം പിടിക്കും.
Related News