വ്യാപാര കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം

Written by Taniniram Desk

Published on:

മനാമ : തെക്കന്‍ ചെങ്കടലില്‍ സിങ്കപ്പൂര്‍ വ്യാപാര കപ്പലിനുനേരെ മിസൈലുകളും ചെറുബോട്ടുകളും ഉപയോഗിച്ച് യെമനിലെ ഹൂതി മിലിഷ്യാ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള എല്ലാ യാത്രകളും 48 മണിക്കൂര്‍ നിര്‍ത്തിവച്ചയതായി കപ്പല്‍ കമ്പനി ഞായറാഴ്‌ച അറിയിച്ചു.

യെമന്‍ സമയം ശനിയാഴ്‌ച രാത്രി 8.30നും ഞായറാഴ്‌ച രാവിലെ 6.30നുമാണ് സിംഗപ്പൂര്‍ പതാക വഹിക്കുന്ന മേഴ്‌സ്‌ക് ഹാങ്ഷൗ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്‌. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലില്‍ തീപിടിത്തമുണ്ടായതായി സൂചനകളൊന്നും ഇല്ലെന്നും കപ്പല്‍ കമ്പനി അറിയിച്ചു. ശനിയാഴ്‌ച രാത്രി യെമനിലെ ഹൊദെയ്‌ദ തുറമുഖത്ത് നിന്ന് 55 നോട്ടിക്കല്‍ മൈല്‍ അകലെ തെക്കുപടിഞ്ഞാറാന്‍ ചെങ്കടലില്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. യെമനില്‍ നിന്നും വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിലൊന്ന് കപ്പലില്‍ പതിച്ചു.

ഞായറാഴ്‌ച രാവിലെ ഇതേ കപ്പലിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി. കപ്പല്‍ ബാബ് അല്‍ മന്ദാബ് കടലിടുക്ക് പിന്നിട്ട ഉടനെയായിരുന്നു ആക്രമണം. നാലു ചെറിയ ബോട്ടുകളിലായാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കാന്‍ എത്തിയത്. അപകട കോളുകളോട് പ്രതികരിച്ച് യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ഗ്രേവ്‌ലി എന്നീ യുദ്ധ കപ്പലുകളില്‍ നിന്നും വന്ന നേവി ഹെലികോപ്റ്ററുകളും കപ്പലിലെ സുരക്ഷാ വിഭാഗവും വെടിവെച്ചതിനെതുടര്‍ന്ന് കപ്പല്‍ കയറാനുള്ള ആക്രമണകാരികളുടെ ശ്രമം വിഫലമാക്കിയതായി മേഴ്‌സ്‌കിന്റെയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡി (സെന്റ്‌കോം)ന്റെയും പ്രസ്‌താവനയില്‍ പറയുന്നു. മൂന്നു ബോട്ടുകള്‍ മുക്കിയതായി സെന്റ്‌കോം എക്‌സില്‍ അറിയിച്ചു. മറ്റൊരു ബോട്ട് രക്ഷപ്പെട്ടു.

14,000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള സിംഗപ്പൂര്‍ പതാക ഘടിപ്പിച്ച മേഴ്‌സ്‌ക് ഹാങ്ഷൗ സിംഗപ്പൂരില്‍ നിന്നും ഈജിപ്‌തിലെ സൂയുസ് തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ ഷിപ്പിംഗ് ഗ്രൂപ്പുകളില്‍ ഒന്നാണ് മേഴ്‌സ്‌ക്. ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ബാബല്‍ എല്‍ മന്ദബ് കടലിടുക്കിലും ചെങ്കടലിലും ഇസ്രയേല്‍ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് യെമനിലെ ഹുതി മിലിഷ്യകള്‍ വ്യക്തമാക്കിയിരുന്നു.

ആക്രമണം കൂടിയതോടെ പ്രധാന ഷിപ്പിംഗ് സ്ഥാപനങ്ങള്‍ ബാബ് അല്‍ മന്ദബ് കടലിടുക്ക്, സൂയ്‌സ് കനാല്‍ വഴിയുള്ള ഗതാഗതം നിര്‍ത്തി പകരം, കേപ് ഓഫ് ഗുഡ് ഹോപ്പിന് വഴി ഗതാഗതം തിരിച്ചുവിട്ടിരുന്നു. എന്നാല്‍, ആക്രമണം തടയാന്‍ അമേരിക്ക ഡിസംബര്‍ 19 ന് ഓപ്പറേഷന്‍ പ്രോസ്പിരിറ്റി ഗാര്‍ഡിയന്‍ എന്ന പുതിയ സഖ്യം ആരംഭിച്ചതിനെതുടര്‍ന്ന് കപ്പലുകള്‍ വീണ്ടും സര്‍വീസ് പുനരാരംഭിച്ചു. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം കൈകാര്യം ചെയ്യുന്ന സൂയസ് കനാല്‍ ഉപയോഗിക്കുന്ന കപ്പലുകളുടെ പ്രവേശന കേന്ദ്രമാണ് ചെങ്കടലും ബാബ് അല്‍ മന്ദബ് കടലിടുക്കും.

Leave a Comment