പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു സ്ത്രീ. ഹിന്ദു സമുദായാംഗങ്ങമായ ഡോ സവീര പ്രകാശാണ് ജനറല്‍ സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2024 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലാണ് സവീര മത്സരിക്കുന്നത്.
ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ആദ്യ വനിതയാണ് സവീര പ്രകാശ്. പ്രമുഖ പാക് മാധ്യമമായ ഡോണ്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയിലെ ഹിന്ദു സമുദായാംഗമാണ് ഡോ. സവീര പ്രകാശ്. 2022-ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ സവീര പിപിപി വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ അംഗമാണ് സവീരയുടെ പിതാവ് ഓം പ്രകാശ്. തന്റെ പിതാവിന്റെ പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സവീര ഡോണിനോട് പറഞ്ഞു. ഡിസംബര്‍ 23 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതായും അവര്‍ പറഞ്ഞു.