ന്യൂയോർക്ക്: ഹമാസിന് അന്ത്യശാസനവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നാണ് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. ഇത് അവസാന മുന്നറിയിപ്പാണ്- ട്രംപ് വ്യക്തമാക്കി.
ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങൾക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. ഹമാസ് നേതൃത്വത്തിന് ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. അല്ലെങ്കിൽ നിങ്ങളുടെ കഥ കഴിഞ്ഞു. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ല.- മോചിതരായ ബന്ദികളെ സന്ദർശിച്ച ശേഷം ട്രംപ് വ്യക്തമാക്കി.
ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകുമെന്നും ട്രംപ് പറഞ്ഞു. 1997 മുതൽ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചർച്ച നടത്തുന്നത്. ബദൽ ഗാസ പദ്ധതി സംബന്ധിച്ച് അറബ് രാജ്യങ്ങൾ അമേരിക്കയുമായി ചർച്ചക്കൊരുങ്ങുകയാണ്.