ഗാസ സിറ്റി: ഗാസയിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ തെരുവുകളില്‍ കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ നിരവധി താമസ സമുച്ചയങ്ങളാണ് വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തത്. കരയുദ്ധത്തില്‍ 101 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇസ്രായേല്‍ കനത്ത ബോംബാക്രമണം തുടരുന്നത് സമാധാന ചര്‍ച്ചകളെ ബാധിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ദൈറല്‍ ബലാഹിലെ താമസ സമുച്ചയ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 50ഓളം ഫലസ്തീനികളാണ്. 24 മണിക്കൂറിനിടെ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയിലടക്കം ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. ഭക്ഷണ, കുടിവെള്ള ക്ഷാമവും തുടരുകയാണ്. അതേസമയം രണ്ട് ദിവസത്തിനിടെ 40 സൈനികരെ വധിച്ചെന്ന് ഹമാസ് അവകാശപ്പെട്ടു.
5,000 പേര്‍ക്ക് ഗുരുതര പരിക്കേറ്റെന്നും 2,000 പേര്‍ അംഗപരിമിതരായെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയില്‍ 10 സൈനികരെ അല്‍ ഖുദ്‌സ് ബ്രിഗേഡും വധിച്ചു. സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ ഇസ്രായേലിനെ താക്കീത് ചെയ്തു. ഹമാസിന്റെ അന്ത്യമടുത്തെന്നും യഹ്യ സിന്‍വാറിന് വേണ്ടി മരിക്കാന്‍ നില്‍ക്കേണ്ടെന്നുമാണ് നെതന്യാഹുവിന്റെ മറുപടി.