ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൗലിദ്വീപിന് അനുകൂലമായ ഇടപെടലുമായി ചൈന രംഗത്ത്. മാലിദ്വീപിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകളെ ശക്തമായി എതിർക്കുന്നുവെന്ന പ്രസ്താവനയാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ ചൈന സന്ദർശനം തുടരുന്ന വേളയിലാണ് ചൈനയിൽ നിന്ന് സുപ്രധാനമായ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് മുയിസു ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ചൈനയുടെ പ്രസ്താവനയും എത്തിയത്.
ചൈനയിലെ ഉന്നത നേതാക്കളുമായി മുയിസു നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തു വന്നത്. തങ്ങളുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പരസ്പരം ശക്തമായി പിന്തുണയ്ക്കുന്നത് തുടരാൻ ചൈനയും മാലിദ്വീപും സമ്മതിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മാലിദ്വീപിൻ്റെ ദേശീയ പരമാധികാരവും സ്വാതന്ത്ര്യവും ദേശീയ അന്തസ്സും നിലനിർത്തുന്നതിൽ ചൈന ശക്തമായി പിന്തുണയ്ക്കുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാലിദ്വീപിൻ്റെ ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും മാത്രമല്ല, മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ഇടപെടലിനെ ശക്തമായി എതിർക്കുമെന്നും ചൈന വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരെ അടുത്തിടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയ സംഭവം ഏറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തിയ മൂന്ന് മന്ത്രിമാരെയും മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെ മുയിസു ചൈന സന്ദർശിക്കാൻ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയും മാലിദ്വീപും സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ചൈനയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവാണെന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.