റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങിന് ഇനി മുതൽ ഇന്ത്യയിൽ വച്ച് തന്നെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണം. വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് മാത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് നിർബന്ധമാക്കിയ വ്യവസ്ഥ തൊഴിൽ വിസകൾക്ക് കൂടി ബാധകമാക്കാനാണ് തീരുമാനം.
ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് സർക്കുലർ കൈമാറി. ഇനി മുതൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിസ സർവീസിങ് നടപടികളുടെ പുറംകരാർ ഏജൻസിയായ വിഎഫ്എസ് ഓഫീസിൽ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങൾ നൽകണം.
സൗദിയിൽ വിമാനത്താവളം പോലുള്ള പ്രവേശന കവാടങ്ങളിൽ വച്ച് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമ്പോൾ ചിലർക്ക് പുറത്തിറങ്ങാൻ പറ്റാതെ വരാറുണ്ട്. പ്രവേശന വിലക്കുള്ളവർ, കേസുകളിലോ നിയമപ്രശ്‌നങ്ങളിലോ അകപ്പെട്ടവർ തുടങ്ങിയ കാരണങ്ങളാലാണിത്. വിസ സ്റ്റാമ്പിങിന് മുമ്പ് തന്നെ അതാത് രാജ്യങ്ങളിൽ വച്ച് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധികൾ ഒഴിവാകും.