സിഡ്നി: അടുത്ത രണ്ടുവർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങൾ ശക്തമാക്കാൻ ആസ്ട്രേലിയയുടെ നീക്കം. അന്താരാഷ്ട്ര വിദ്യാർഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വിസ നിയമങ്ങൾ കർശനമാക്കാനാണ് നീക്കം.
പുതിയ നയങ്ങൾ പ്രകാരം, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷകളിൽ ഉയർന്ന റേറ്റിങ് ആവശ്യമാണ്.വിദ്യാർഥികൾക്ക് ആസ്‌ട്രേലിയയിൽ താമസിക്കുന്നത് നീട്ടാൻ അനുവദിക്കുന്ന ക്രമീകരണങ്ങളും അവസാനിക്കും.
2022-23 ൽ നെറ്റ് ഇമിഗ്രേഷൻ റെക്കോർഡ് 510,000 ആയി ഉയരുമെന്ന് പ്രതീക്ഷിച്ചതിന് ശേഷമാണ് ആസ്ട്രേലിയയുടെ തീരുമാനം. 2024-25, 2025-26 വർഷങ്ങളിൽ ഇത് ഏകദേശം കാൽ ദശലക്ഷമായി കുറയുമെന്നും കണക്കാക്കുന്നു. അന്താരാഷ്ട്ര വിദ്യാർഥികളാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണമെന്ന് ആസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു.