അമേരിക്കൻ ‘നയതന്ത്രജ്ഞർ’ ഇസ്രയേലിലേക്ക്‌

Written by Taniniram Desk

Published on:

ടെൽ അവീവ്‌ : ഗാസയിലെ ഇസ്രയേൽ കടന്നാക്രമണം മറ്റ്‌ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെ അമേരിക്കൻ ‘നയതന്ത്രജ്ഞർ’ വീണ്ടും സന്ദർശനത്തിന്‌ ഒരുങ്ങുന്നു. ഊർജ വിഭവ അസിസ്റ്റന്റ്‌ സ്റ്റേറ്റ്‌ സെക്രട്ടറി അമോസ് ഹോഷ്‌സ്റ്റീനും പിന്നാലെ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലിൽ എത്തും. ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽവച്ച്‌ ഹമാസ്‌ ഉപമേധാവി സാലിഹ്‌ അറോറിയെ ഇസ്രയേൽ വധിച്ചതോടെ മധ്യപൗരസ്ത്യദേശമാകെ സംഘർഷമേഖലയാകുമെന്ന ഭീതിക്കിടെയാണ്‌ സന്ദർശനം. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ഇവർ ചർച്ച നടത്തും. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ്‌ ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കുന്നത്‌.

അതേസമയം, ഇസ്രയേൽ–- ഗാസ യുദ്ധം 90 ദിവസം പിന്നിട്ട വ്യാഴാഴ്‌ചയും രൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ബുധനാഴ്ച ഒമ്പത് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ ഒരു വീടിനുനേരെ നടത്തിയ ബോംബാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,438 ആയി. ഖാൻ യൂനിസിൽ റെഡ്‌ക്രസന്റ്‌ ആസ്ഥാനത്തും ഇസ്രയേൽ ബോംബിട്ടു. സലാഹ് അൽ-ദിൻ സ്ട്രീറ്റിലെ മാനുഷിക ഇടനാഴി ഇസ്രയേൽ അടച്ചുപൂട്ടി. പകരം തീരദേശ അൽ-റാഷിദ് സ്ട്രീറ്റിൽ മാനുഷിക ഇടനാഴി തുറന്നതായി സൈന്യം അറിയിച്ചു.

ഉടൻ വെടിനിർത്തണം ; കലിഫോർണിയ അസംബ്ലിയിൽ ജൂത സംഘടനയുടെ പ്രതിഷേധം
ഗാസയിൽ ഇസ്രയേൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്‌ കലിഫോർണിയൻ അസംബ്ലിയിൽ ജൂത സംഘടനകളുടെ പ്രതിഷേധം. ബുധനാഴ്ച അസംബ്ലിയിൽ നടപടികൾ തുടങ്ങിയപ്പോൾ സന്ദർശക ഗാലിറിയിൽ 250ഓളം പേർ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ അസംബ്ലി ചേബംറിലേക്ക്‌ ഇറങ്ങിയതോടെ സഭ പിരിച്ചുവിട്ടു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ജ്യൂവിഷ് വോയ്‌സ് ഫോർ പീസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്നും അമേരിക്ക ഇസ്രയേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Related News

Related News

Leave a Comment