ആർത്തവ ദിനങ്ങൾ പല സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടി സ്വപ്നമാണ്. അതിനുള്ള പ്രധാന കാരണം അസഹനീയമായ വയറു വേദനയും അമിത രക്തസ്രാവവുമാണ്. ചിലർക്ക് 5 ദിവസമുള്ള ആർത്തവ ചക്രമായിരിക്കും, എന്നാൽ മറ്റു ചിലർക്ക് അത് 10 ഉം 15 ഉം ദിവസം വരെ നീണ്ടു നിൽക്കും. പക്ഷെ ഇത് അധികമാരും മുഖവിലയ്ക്ക് എടുക്കാറില്ല. ഈ സമയത്തെ വേദനയും അധിക രക്തസ്രാവവും ആരോഗ്യകരമായ ലക്ഷണമല്ല എന്നാണ് പറയപ്പെടുന്നത്. ഗർഭാശയ ഫൈബ്രോയിഡുകൾ എന്ന് വിളിക്കപ്പെടുന്ന ഗർഭാശയ മുഴകൾ കാരണവും ഇത്തരം വിഷമങ്ങൾ ഉണ്ടായേക്കാം.
ഗർഭാശയ മുഴകൾ
ഗർഭാശയത്തിൽ ഒന്നോ അതിലധികമോ ഫൈബ്രോയിഡുകൾ അഥവാ മുഴകൾ ഉണ്ടാകാം. ചിലത് ആപ്പിൾ വിത്ത് പോലെ ചെറുതായിരിക്കും. എന്നാൽ ചിലത് മുന്തിരിയുടെ വലുപ്പത്തിലാകും കാണപ്പെടുക. ഇത്തരം മുഴകൾ കാലക്രമേണ ചുരുങ്ങുകയോ വളരുകയോ ചെയ്യാം. ഒരു സ്ത്രീയിൽ 30 വയസ്സ് മുതൽ ആർത്തവവിരാമം വരെ ഫൈബ്രോയിഡുകൾ ഉണ്ടാകും. എന്നിരുന്നാലും, ആർത്തവവിരാമത്തിനു ശേഷം, ഈ മുഴകൾ സ്വയം ചുരുങ്ങുന്നു.
എന്താണ് ഫൈബ്രോയിഡുകൾക്ക് കാരണം
ഫൈബ്രോയിഡുകൾക്ക് കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, പല മെഡിക്കൽ റിപ്പോർട്ടുകളും അനുസരിച്ച്, ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നതിനനുസരിച്ച് അവ വികസിക്കാൻ തുടങ്ങുന്നുന്നതായി വ്യകതമാണ്. ഈ ഗർഭാശയ ഫൈബ്രോയിഡുകൾ ക്യാൻസറാകാനുള്ള സാധ്യത കുറവാണെങ്കിലും ചിലർക്ക് അർബുദത്തിന്റെ സാധ്യതയുള്ള ലിയോമിയോസർകോമകൾ ഉണ്ടാകാറുണ്ട്.
അറിയാം .. ഗർഭാശയ ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങൾ
പല സ്ത്രീകളും അവരുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഗർഭാശയ ഫൈബ്രോയിഡുകൾ വികസിപ്പിക്കുന്നു. പക്ഷേ രോഗലക്ഷണങ്ങളൊന്നും കാണാത്തതിനാൽ അവർക്ക് ഈ അവസ്ഥയെക്കുറിച്ച് അറിയില്ല. ഇതിന്റെ ലക്ഷണങ്ങൾ ഫൈബ്രോയിഡിനെ ആശ്രയിച്ചിരിക്കുന്നു.
- ആർത്തവ സമയത്ത് കനത്ത രക്തസ്രാവം
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
- പെൽവിക് വേദന
- ലൈംഗിക വേളയിൽ വേദന
- മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്
- നടുവേദന അല്ലെങ്കിൽ കാൽ വേദന
- മലബന്ധം
ഇവയെല്ലാം ഗർഭാശയ ഫൈബ്രോയിഡുകളുടെ ലക്ഷണങ്ങളാണ്. അൾട്രാസൗണ്ട് സ്കാൻ, MRI സ്കാൻ, ഹിസ്റ്ററോസ്കോപ്പി, ലാപ്രോസ്കോപ്പി എന്നിവയിലൂടെ ഇവ കണ്ടെത്താൻ നമുക്ക് സാധിക്കും.