പനി, തലവേദന എന്നീ മിക്ക രോഗങ്ങളുടെയും വേദനകള്‍ക്ക് നമ്മളില്‍ പലരും കഴിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ (Paracetamol). എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരള്‍ സ്തംഭനത്തിനും കരള്‍ നാശത്തിനും ഇത് നയിക്കാമെന്നാണ് പഠനം പറയുന്നത്. അതുകൊണ്ട് തന്നെ പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പാണ് പഠനം നല്‍കുന്നത്.
എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ (Edinburgh University) നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. മനുഷ്യരുടെയും എലികളുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇത് കണ്ടെത്തിയത്. ഗവേഷകര്‍ പറയുന്നത് പാരസെറ്റാമോള്‍ അമിതമായി കഴിക്കുന്നത് മൂലം ചില സാഹചര്യങ്ങളില്‍ കരളിലെ കോശങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ജംഗ്ഷനുകള്‍ എന്ന ഘടനാപരമായ സന്ധിസ്ഥാനങ്ങളെ ബാധിച്ച് കരള്‍ കോശസംയുക്തങ്ങള്‍ക്ക് നാശം വരുത്തും.
ലിവര്‍ സിറോസിസ്, അര്‍ബുദം പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കോശക്ഷതം കാണപ്പെടുന്നത്. ഇത് പാരസെറ്റാമോളിന്റെ അമിത ഉപയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.