സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോൾ ഇതെല്ലാം അറിയണം…

Written by Web Desk1

Published on:

കടുത്ത വെയിലില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആളുകള്‍ ഇന്ന് കൂടുതലും ആശ്രയിക്കുന്നത് സണ്‍സ്‌ക്രീനുകളെയാണ്. പല ബ്രാന്‍ഡുകളിലായി നിരവധി സണ്‍സ്‌ക്രീനുകള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ പലകാര്യങ്ങളും നോക്കി വേണം സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കാന്‍.

അതില്‍ പ്രധാനമാണ് സണ്‍ പ്രൊട്ടെക്ഷന്‍ ഫാക്റ്റര്‍(എസ്.പി.എഫ്). എസ്പിഎഫ് നോക്കി വേണം സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാന്‍. അള്‍ട്രാവയലറ്റ് ബി (യു.വി.ബി) റേഡിയേഷനുകളില്‍ നിന്നും ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതാണ് എസ്പിഎഫ്. 15 മുതല്‍ 100 വരെയുള്ള എസ്പിഎഫ് ഉണ്ട്. എസ്പിഎഫ് നിരക്കുകള്‍ക്ക് അനുസരിച്ച് സംരക്ഷണത്തില്‍ വ്യത്യാസവുമുണ്ട്. ഇന്ത്യന്‍ ചര്‍മ്മത്തിന് എസ്പിഎഫ് 30 ഉം അതിന് മുകളിലുള്ളതുമായ സണ്‍സ്‌ക്രീനാണ് നല്ലത്. എസ്പിഎഫ് 15 ഉണ്ടെങ്കില്‍ അത് 93 ശതമാനം സംരക്ഷണമാണ് ചര്‍മ്മത്തിന് നല്‍കുക. എസ്പിഎഫ് 30 ഉള്ള സണ്‍സ്‌ക്രീനുകള്‍ 97 ശതമാനം സംരക്ഷണം നല്‍കുമ്പോള്‍ എസ്പിഎഫ് 50 ഉള്ളവ 98 ശതമാനം വരെ ചര്‍മ്മത്തെ സംരക്ഷിക്കും.

സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതില്‍ പ്രായവും ശ്രദ്ധിക്കണം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനാവില്ല. ആറുമാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സണ്‍സ്‌ക്രീന്‍ നല്‍കരുത്. അതിന് മുകളിലുള്ളവര്‍ക്ക് ഫിസിക്കല്‍ സണ്‍സ്‌ക്രീനുകള്‍ നല്‍കാം. മുതിര്‍ന്നവര്‍ക്ക് കെമിക്കല്‍ സണ്‍സ്‌ക്രീനും ഉപയോഗിക്കാം. ചര്‍മ്മത്തിനനുസരിച്ചു വേണം ഇവ തെരഞ്ഞെടുക്കാന്‍. വരണ്ടതും ഈര്‍പ്പമുള്ളതും ഓയ്‌ലി ആയതുമായ പലതരം തൊലികളാണ് ആളുകള്‍ക്കുള്ളത്. ആദ്യം സ്വന്തം ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്ന് കണ്ടെത്തി അതിന് അനുയോജ്യമായവ വേണം വാങ്ങാന്‍. വരണ്ട ചര്‍മം ഉള്ളവര്‍ക്കായി ക്രീം, ലോഷന്‍ രൂപത്തിലുള്ള സണ്‍സ്‌ക്രീനുകളുണ്ട്. എന്ത് ചെയ്താലും തൊലിയെ ബാധിക്കുമെന്ന പ്രശ്‌നമുള്ളവര്‍ക്ക് ഫിസിക്കല്‍ സണ്‍സ്‌ക്രീനാണ് നല്ലത്. മുഖക്കുരു ഉള്ളവര്‍ക്ക് ജെല്‍ രൂപത്തിലുള്ള സണ്‍സ്‌ക്രീന്‍ നിലവില്‍ ലഭ്യമാണ്.

അള്‍ട്രാവയലറ്റ് എ റേഡിയേഷനില്‍ നിന്നുള്ള സംരക്ഷണത്തിന്റെ തോതിനെ കണക്കാക്കുന്ന PA++ ഉം ശ്രദ്ധിക്കേണ്ടതുണ്ട്. നിലവില്‍ 4+ ഉള്ള സണ്‍സ്‌ക്രീനുകള്‍ വിപണിയിലുണ്ട്. പ്ലസിനനുസരിച്ച് സംരക്ഷണത്തില്‍ വ്യത്യാസമുണ്ടാവും രണ്ട് പ്ലസാണെങ്കില്‍ മിതമായ സംരക്ഷണവും മൂന്ന് പ്ലസിന് ഉയര്‍ന്ന സംരക്ഷണവുമാണ്. നാല് പ്ലസ് ഉണ്ടെങ്കില്‍ അത് ചര്‍മ്മത്തിന് മികച്ച സംരക്ഷണം നല്‍കും.

വെറുതെ വാരിതേക്കുന്നതല്ല സണ്‍സ്‌ക്രീന്‍. സണ്‍സ്‌ക്രീനിന്റെ ഗുണം നല്ലപോലെ കിട്ടണമെങ്കില്‍ അത് പുരട്ടുന്നതിനും ചില മാര്‍ഗങ്ങളുണ്ട്.

വെയിലത്ത് പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടണം. ഫിസിക്കല്‍ ഘടകം മാത്രമുള്ള സണ്‍സ്‌ക്രീന്‍ പുറത്ത് പോകുന്നതിന് തൊട്ട് മുമ്പ് ഇടാം. മൂന്ന് മില്ലി അല്ലെങ്കില്‍ മുക്കാല്‍ ടീസ്പൂണ്‍ സണ്‍സ്‌ക്രീന്‍ ആണ് മുഖത്തും കഴുത്തിലുമായി ഇടേണ്ടത്. വെയില്‍ തട്ടുന്ന കഴുത്ത്, കൈ, പാദങ്ങളുടെ മുകള്‍ വശം തുടങ്ങി വെയില്‍ തട്ടുന്ന എല്ലാഭാഗത്തും സണ്‍സ്‌ക്രീന്‍ പുരട്ടണം. കെമിക്കല്‍ സണ്‍സ്‌ക്രീന്‍ നന്നായി തേച്ചു പിടിപ്പിക്കണം എന്നാല്‍ ഫിസിക്കല്‍ സണ്‍സ്‌ക്രീന്‍ ഒരു ലേപം പോലെ ധരിച്ചാല്‍ മതി. രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവേളകളില്‍ വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടണം. ഇനി വിയര്‍ക്കുകയോ നനയുകയോ ചെയ്താല്‍ വീണ്ടും സണ്‍സ്‌ക്രീന്‍ പുരട്ടണം.

See also  ചർമ്മത്തിലെ കരുവാളിപ്പ്, ക്രീം പുരട്ടാതെ സൺ ടാൻ നീക്കാം…

വീട്ടിനകത്ത് ഇരിക്കുകയല്ലേ പുറത്തു പോകുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ സണ്‍സ്‌ക്രീനുകള്‍ ഇടാറില്ല. എന്നാല്‍ ഇവരും സണ്‍സ്‌ക്രീന്‍ പുരട്ടണം. അകത്തളങ്ങളിലെത്തുന്ന സൂര്യ പ്രകാശവും ട്യൂബ് ലൈറ്റ് ബള്‍ബ് എന്നിവയില്‍ നിന്നുള്ള പ്രകാശവും ചര്‍മ്മത്തെ ബാധിക്കുമെന്നതിനാലാണിത്.

Leave a Comment