പൊള്ളുന്ന വേനലിൽ വിഷമായി മാറുന്ന കുപ്പി വെള്ളം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Written by Taniniram Desk

Published on:

ദിനംപ്രതി ചൂടിന്റെ കാഠിന്യം കൂടി വരികയാണ്. ഉഷ്ണത്തെ ചെറുക്കാനായി പല വഴികൾ തേടുകയാണ് നാം. അതിൽ പ്രധാന൦ കുടിവെള്ളം തന്നെയാണ്. പല നിറത്തിലുള്ള ഡ്രിങ്ക്‌സും കോളകളും തണുത്ത വെള്ളവുമൊക്കെ വിപണിയിൽ സജീവമാണ്.അതിനൊക്കെയും ആവശ്യക്കാർ ഏറെയാണ്. എന്നാൽ മറ്റൊരു വസ്തുത ഇവയെല്ലാം തന്നെ പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് വില്പനയ്‌ക്കെത്തുന്നത്. അത് കൂടാതെ സൂര്യപ്രകാശം ഏറ്റാണ് ഇവ കടകളിൽ എത്തുന്നത്. കുടിവെള്ളവും കോളകളും കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് അത്ര സുരക്ഷിതമല്ല.

അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും പരാതിപ്പെടാനാകും . കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവച്ചേയ്ക്കും.
കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തിൽ ഇതു കണ്ടെത്താൻ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം.

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരികയാണെന്നും, വെയിൽ ഏൽക്കുന്ന രീതിയിൽ ഇവ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

എങ്ങനെയൊക്കെ ശ്രദ്ധിക്കാം ?

  • കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്.
  • കടകളിൽ വിൽപനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങൾ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം.
  • കടകൾക്കു വെളിയിൽ വെയിൽ കൊള്ളുന്ന രീതിയിൽ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.
  • കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.
  • പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
  • വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കരുത്.

Leave a Comment