ഒരു വ്യക്തി ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാന്‍ നടത്തുന്ന ചെക്കപ്പാണ് ഹെല്‍ത്ത് ചെക്കപ്പ്.. ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്ക് ചെയ്ത് നോക്കുന്നത് വ്യക്തികളെ സംബന്ധിച്ച് നല്ലൊരു കാര്യമാണ്.
സാധാരണയായി 40 വയസ്സിന് മുകളിലുള്ളവരാണ് ഹെല്‍ത്ത് ചെക്കപ്പ് ചെയ്യണമെന്നായിരുന്നു മുന്‍ കാലങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പഠനം.. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 25 വയസു മുതല്‍ ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഗുണം ചെയ്യും.
കാരണം ഹൃദയസ്തംഭനം ഉണ്ടാകുന്നവരില്‍ ഇന്ന് 50 ശതമാനം ആളുകളും 50 വയസിന് താഴെയുള്ളവരാണ്. അതില്‍ തന്നെ 25 ശതമാനം ആളുകളും 40 വയസില്‍ താഴെയുള്ളവരാണ്. അതുകൊണ്ട് തന്നെ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത് ചെക്കപ്പ് നടത്തണം. 25 വയസിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്താം.
എന്തെല്ലാം ടെസ്റ്റുകള്‍ നടത്തണം
ഹെല്‍ത്ത് ചെക്കപ്പ് ചെയ്യുമ്പോള്‍ പ്രധാനമായും നടത്തേണ്ടത് രക്ത പരിശോധനയാണ്, ഇതില്‍ രക്താണുക്കളുടെ കൗണ്ട്, ഹീമോഗ്ലോബിന്‍, പഞ്ചസാരയുടെ അളവ് ആഹാരത്തിന് മുമ്പും ശേഷവും, മൂന്ന് മാസത്തെ ശരാശരി ബ്ലഡ് ഷുഗര്‍ എന്നിവയും ടെസ്റ്റ് ചെയ്യണം. ഹൃദയാരോഗ്യം പരിശോധിക്കാനായി ഇസിജി പരിശോധനയും നടത്താം.
കിഡ്‌നി, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, നല്ല കൊളസ്‌ട്രോളിന്റെയും ചീത്ത കൊളസ്‌ട്രോളിന്റെയും അളവ് ഉള്‍പ്പെടുന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവയും പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ വെജിറ്റേറിയന്‍സ് ആണെങ്കില്‍ വൈറ്റമിന്‍ ബി 12 പരിശോധിക്കണം. കൂടാതെ തൈറോയിഡ് ഫങ്ഷന്‍ ടെസ്റ്റ്, വൈറ്റമിന്‍ ഡി, സോഡിയം, പൊട്ടാസ്യം, കാത്സ്യം എന്നിവയും ചെക്കപ്പില്‍ ഉള്‍പ്പെടുത്തണം.
സ്ത്രീകള്‍ നടത്തേണ്ട പ്രധാനപ്പെട്ട ടെസ്റ്റാണ് മാമോഗ്രാം ടെസ്റ്റ്. ഇത് നടത്തുന്നതിലൂടെ ബ്രസ്റ്റ് ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ചെയ്യേണ്ട മറ്റൊരു ടെസ്റ്റാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റായ പാപ്‌സ്മിയര്‍.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെയ്യേണ്ട മറ്റൊരു ടെസ്റ്റാണ് വയറിന്റെ അള്‍ട്രാസൗണ്ട് സ്‌ക്യാന്‍. ഇത് ചെയ്യുന്നതോടെ ഇന്ന് ആളുകളില്‍ വളരെയധികം കണ്ടുവരുന്ന ഫാറ്റിലിവര്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ പ്രൊസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പിഎസ്എ എന്ന ടെസ്റ്റും നടത്തണം.
ഇവയില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഈ ടെസ്റ്റുകളെല്ലാം ഒരു ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ചെയ്യാവൂ. ഒരു ഫിസിഷ്യനെ കണ്ടശേഷം മെഡിക്കല്‍ ഹിസ്റ്ററി വിലയിരുത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.