താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വിവാദങ്ങളെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. അമ്മയുടെ കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉള്‍പ്പെടെയുളള താരങ്ങള്‍ മോഹന്‍ലാല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു. ഭാരവാഹിത്വം ഏറ്റുടുക്കേണ്ടെന്ന് അടുത്ത സുഹൃത്തുക്കളും കുടുംബവും മോഹന്‍ലാലിനോട് ആവശ്യപ്പെടുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയില്‍ കൂട്ടരാജിയുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള സംഭവങ്ങള്‍ എല്ലാവര്‍ക്കും തുറന്നു സംസാരിക്കാനുള്ള അവസരമാണെന്നും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ മാത്രം ഇതില്‍ ക്രൂശിക്കുന്നതു ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൃത്യമായ തെളിവുണ്ടെങ്കില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. കേരളത്തില്‍നിന്ന് ഇതൊരു വലിയ പ്രസ്ഥാനമാകട്ടെ. ആയിരങ്ങള്‍ ജോലി ചെയ്യുന്ന മലയാള സിനിമ വ്യവസായത്തെ വിവാദങ്ങളിലൂടെ തകര്‍ക്കരുതെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.