ദുബായ്: യുഎഇയിൽ നിവാസികൾക്ക് പുതുവർഷത്തിൽ സന്തോഷവാർത്ത. തുടർച്ചയായി മൂന്നാം മാസവും പെട്രോൾ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായതിൽ ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്കാണ് ഈ മാസത്തേത്.
ലിറ്ററിന് 4.8 ശതമാനമാണ് ജനുവരിയിൽ കുറവുണ്ടായിരിക്കുന്നത്. സൂപ്പർ 98ന് 2.82 ദിർഹം (63.97 രൂപ), സ്പെഷ്യൽ 95ന് 2.71 ദിർഹം (61.47 രൂപ), ഇ -പ്ലസ് 91ന് 2.64 (59.89രൂപ) ഇതാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ജനുവരിയിൽ 2.78 ദിർഹം(63.06 രൂപ), 2.67 ദിർഹം( 60.57രൂപ), 2.59 ദിർഹം(58.75രൂപ) ആയിരുന്നു. എന്നാൽ റഷ്യ – യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ നിരക്ക് ലിറ്ററിന് 4 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.2015ൽ യുഎഇ എണ്ണവിലയുടെ നിയന്ത്രണം നീക്കിയതിന് പിന്നാലെ പ്രാദേശിക റീട്ടെയിൽ പെട്രോൾ വിലയിൽ ആഗോള നിരക്കുകൾക്ക് അനുസൃതമായി എല്ലാ മാസവും മാറ്റം വരുന്നുണ്ട്. ഡിസംബറിൽ ആഗോളനിരക്കിൽ ഏകദേശം അഞ്ച് ഡോളർ വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോൾ വില കുറച്ചത്.