വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് വിജയ്‌ സേതുപതി

Written by Taniniram Desk

Published on:

സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലെന്നും ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പറഞ്ഞു. ഷാരുഖ് ഖാന്‍ നായകനായ ‘ജവാന്‍’ ചിത്രത്തിൽ വിജയ് സേതുപതി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ബോക്സ്ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

‘വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്, വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നു, ഈ മാനസിക ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ ഉണ്ടായി. ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍, ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. അത്തരം കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ ആവില്ല. കുറച്ച് കാലത്തേക്ക് എങ്കിലും വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കും,’ വിജയ് സേതുപതി വ്യക്തമാക്കി.

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററില്‍ വിജയിയുടെ വില്ലനായി അദ്ദേഹം എത്തിയിരുന്നു. പിന്നാലെ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ വിക്രത്തിലും അദ്ദേഹം വില്ലനായി എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്ലി സംവിധാനം ചെയ്ത ജവാനില്‍ വില്ലനായി വിജയ് സേതുപതി എത്തിയത്. തമിഴിന് പുറമേ മലയാളം, ഹിന്ദി, കന്നഡ ചിത്രങ്ങളിലും വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട്. നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ 9(1)(എ) എന്ന മലയാള ചിത്രത്തിനു പുറമേ മാർക്കോണി മത്തായി എന്ന മലയാള ചിത്രത്തിലും വിജയ് അഭിനയിച്ചിട്ടുണ്ട്.

കിഷോർ പി ബെലേക്കറിന്റെ ഗാന്ധി ടോക്ക് എന്ന ചിത്രത്തിലാണ് വിജയ് സേതുപതി അവസാനമായി അഭിനയിച്ചത്. മെറി ക്രിസ്മസ് അടക്കം വലിയ ചിത്രങ്ങള്‍ താരത്തിന്‍റെതായി വരാനുണ്ട്.

Related News

Related News

Leave a Comment