കഥ തുടങ്ങുന്നത് ഒരു സംഭാഷണത്തിൽ നിന്നാണ് . കോട്ടയം ജില്ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ കാരണവരായ രണ്ടുപേരുടെ സംഭാഷണത്തിൽ നിന്ന്….
ഉഴവൂർ എന്ന ഗ്രാമത്തിലെ വല്യപ്പച്ചനും അമ്മച്ചിയും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറുകയായിരുന്നു. നിഷ്കളങ്കമായ അവരുടെ സംഭാഷണം ലക്ഷക്കണക്കിന് ആളുകളെയാണ് ചിരിപ്പിച്ചത്.
വടിയും കുത്തിപ്പിടിച്ച് ഉമ്മറത്തിരിക്കുന്ന വല്യപ്പച്ചന്റെ അരികിൽ ഇരിക്കുന്ന അമ്മച്ചി. വല്യപ്പച്ചനോട് തെങ്ങിന്റെ മൂട്ടിൽ വളം വാങ്ങിച്ച് ഇടണം.. കായ്കൾ ഒന്നുമില്ല എന്ന് പറയുന്നു.. വല്യപ്പച്ചന് ചെവി തീരെ പോരാ. അമ്മച്ചി രണ്ടുമൂന്നു പ്രാവശ്യം വളം ഇടണം എന്ന് ഉച്ചത്തിൽ പറഞ്ഞിട്ടും കുടയോ? എന്ന് തിരിച്ച് ചോദിക്കുന്നു. അരിശം മൂത്ത അമ്മച്ചി ” കുടയല്ല വടിയാ വടി” എന്ന് മറുപടി പറയുന്നിടത്ത് വീഡിയോ തീരുകയാണ്. ഇവരുടെ ഈ സംഭാഷണം മക്കളോ കൊച്ചുമക്കളോ ഒരു കൗതുകത്തിന് പകർത്തിയത് ആവാം. പക്ഷെ തികച്ചും സ്വാഭാവികമായ അവരുടെ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയപ്പോൾ ചക്കാലപ്പടവിൽ അന്ന സമൂഹമാധ്യമങ്ങളിലെ നായികയായി മാറി. ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കൊണ്ട് ഈ വീഡിയോ അവരുടെതാക്കി മാറ്റുകയും ചെയ്തു.
പക്ഷെ കഥ ഇവിടം കൊണ്ട് അവസാനിച്ചില്ല അമ്മച്ചിയെ കാണാനും കേൾക്കാനുമായി പലരും ഉഴവൂരെത്തുകയുണ്ടായി. പക്ഷെആരാധകരെ മുഴുവൻ സങ്കടത്തിലാഴ്ത്തി കൊണ്ട് വീഡിയോയിലെ കഥാപാത്രമായ അമ്മച്ചി ചക്കാലപ്പടവിൽ അന്ന (92) ഇന്ന് രാവിലെ അന്തരിച്ചു. ഇവരുടെ ഈ സംഭാഷണശകലം ഇന്നും വൈറലായി കൊണ്ട് ലോകമെമ്പാടും പറക്കുകയാണ്. ഭൂമുഖത്തു നിന്ന് അവർ നമ്മെ വിട്ട് പോയാലും അവരുടെ ഓർമ്മകൾ നമ്മോടൊപ്പം ജീവിക്കുന്നു എന്നതിന് തെളിവാകുന്നു ഈ സംഭാഷണം ‘
കെ. ആർ. അജിത