ബോളീവുഡിന്റെ രാജാവ് തന്നെയാണ് കിങ്ങ് ഖാൻ എന്നു വിളിക്കപ്പെടുന്ന ഷാരൂഖ് ഖാൻ. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എക്കാലത്തെയും മികച്ച നടൻ. 50 രൂപ പ്രതിഫലത്തിൽ നിന്ന് സ്വന്തം കഠിനാധ്വാനവും പ്രയത്നവും കൊണ്ട് അദ്ദേഹം നേടിയെടുത്ത ഓരോ നേട്ടവും ഏതൊരാൾക്കും സ്വപ്നം കാണാനും അതു പടുത്തുയർത്താനും അത്മവിശ്വാസം നൽകുന്നതാണ്.
ആയിരം കോടി രൂപക്ക് മുകളിലാണ് ഷാരൂഖിന്റെ അവസാനമിറങ്ങിയ രണ്ടു ചിത്രങ്ങളും കളക്റ്റ് ചെയ്തത്. കുറച്ചേറെ വർഷങ്ങളായി കൂടുതലും പരാജയം നേരിടേണ്ടി വന്ന ബോളിവുഡ് ചിത്രങ്ങൾക്കിടയിൽ പത്താൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷാരൂഖ് ഈ നേട്ടം കൈവരിച്ചത് താരത്തിന്റെ കഴിവിനൊപ്പം ആ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണ്. ലോകത്തിലെ ഏറ്റവും ധനികരായ സെലിബ്രിറ്റികളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. 770 ദശലക്ഷം ഡോളർ ആസ്തിയുള്ള ഷാരൂഖ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കൂടതെ ഐപിഎൽ ഫ്രാഞ്ചൈസി മുതൽ മുംബൈയിൽ കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന മന്നത്ത് എന്ന മാൻഷൻ വരെ ഷാരൂഖ് തന്റെ കഠിനാധ്വാനത്തിലൂടെ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളാണ്.
മുംബൈയുടെ ഹൃദയ ഭാഗത്താണ് ഷാരൂഖ് ഖാന്റെ ആഢംബര വീടായ മന്നത്ത് സ്ഥിതിചെയ്യുന്നത്. 2001ൽ 13.32 കോടി രൂപയ്ക്ക് വാങ്ങിയ വീടിന്റെ ഇന്നത്തെ മൂല്യം ഏകദേശം 200 കോടി രൂപക്ക് മുകളിലാണ്. ഗൗരി ഖാൻ, ആർക്കിടെക്റ്റായ ഡിസൈനർ കൈഫ് ഫക്വിഹുമായി ചേർന്ന് രൂപകൽപ്പന ചെയ്ത മന്നത്തിൽ,നിരവധി കിടപ്പുമുറികളും ലിവിംഗ് ഏരിയകളും, ജിംനേഷ്യം, വാക്ക്-ഇൻ വാർഡ്രോബ്, ലൈബ്രറി, വ്യക്തിഗത ഓഡിറ്റോറിയം എന്നിവയുൾപ്പെടെ ഏറെ ആഢംബര സൗകര്യങ്ങളുണ്ട്.