2023 ഷാരൂഖ് ഖാന്റെ വർഷമാണെന്ന് പറഞ്ഞാൽ അതിലൊരു അതിശയോക്തിയില്ല. 2500 കോടി വാർഷിക വരുമാനം സ്വന്തമാക്കി ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചിരിക്കയാണ് കിങ് ഖാൻ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിച്ചത്.
2018ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിനു ശേഷം ഷാരൂഖ് ഖാൻ സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തിരുന്നു. പിന്നീട് റോക്കട്രി സിനിമയിലൂടെ കാമിയോ റോളിലെത്തി കയ്യടി വാങ്ങി തിയേറ്ററുകളെ ഇളക്കിമറിച്ചെങ്കിലും ചരിത്രം കുറിച്ചത് നായകനായെത്തിയ പഠാനിലാണ്. ആഗോള തലത്തിൽ 1,050. 30 കോടിയാണ് ഈ ചിത്രം കളക്ട് ചെയ്തത് അങ്ങനെ 2023 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി പഠാൻ മാറി. പക്ഷെ 1,140 കോടി നേടി ഷാരൂഖിന്റെ ജവാൻ തന്നെയാണ് ഈ റെക്കോർഡ് തകർത്തത്. വർഷാവസാനത്തിൽ റിലീസിനെത്തിയ ഡങ്കി പത്ത് ദിവസം കൊണ്ട് 340 കോടിയാണ് നേടിയിരിക്കുന്നത് അങ്ങനെ ഒരു വർഷം 2500 കോടി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടനായി ഷാരൂഖാൻ മാറിയിരിക്കുന്നു.
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖാന്റെ തുടക്കം. 1992 കളിൽ ഇറങ്ങിയ ദിവാനയാണ് ആദ്യ ചിത്രം.തുടർന്ന് ബാസിഗർ, ഡർ എന്നീ ത്രില്ലർ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങൾ ബോക്സോഫീസിൽ വൻ വിജയം നേടി. പിന്നീട് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ, ചക് തേ ഇന്ത്യ ,ഓം ശാന്തി ഓം എന്നീ ചിത്രങ്ങൾ സിനിമാലോകത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.
തൊണ്ണൂറുകളിൽ തുടങ്ങിയ ഷാരൂഖിന്റെ ഈ സിനിമായാത്ര ഇന്ത്യൻ സിനിമയുടെ ബ്രാൻഡ് ഷോ എന്ന പോലെ തുടർന്നുകൊണ്ടിരിക്കുന്നു.ആ ഷോയിൽ ഷാരൂഖിന്റെ സ്വന്തം വർഷമായി 2023 മാറിയിരിക്കുന്നു.