ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’യുടെ നോര്‍ത്ത് ഇന്ത്യയിലെ റെക്കോര്‍ഡ് തകര്‍ക്കാൻ കഴിയാതെ ‘എമ്പുരാന്‍’. ബോക്‌സ് ഓഫീസില്‍ പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്ന മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനംചെയ്ത ‘എമ്പുരാന്‍’ ഇപ്പോഴും മുന്നേറുകയാണ്.
ചിത്രം മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച് 250 കോടി ആഗോള കളക്ഷന്‍ നേടിയിരിക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 100 കോടിയിലേക്കടുക്കുകയാണെന്നും ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുകയാണ്. എന്നാല്‍, ഹിന്ദിയില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന ‘മാര്‍ക്കോ’യുടെ റെക്കോര്‍ഡ് എമ്പുരാന് തകര്‍ക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി ‘മാര്‍ക്കോ’യാണ് നോര്‍ത്ത് ഇന്ത്യയില്‍ എമ്പുരാന് മുന്നിലുള്ളത്. മൂന്ന് കോടിയില്‍ താഴെയാണ് നോര്‍ത്ത് ഇന്ത്യയിലെ എമ്പുരാന്റെ കളക്ഷന്‍. എആര്‍എമ്മും ആടുജീവിതവുമാണ് നോര്‍ത്ത് ഇന്ത്യന്‍ കളക്ഷനില്‍ എമ്പുരാന്റെ പിന്നിലുള്ളത്.
മലയാളത്തില്‍ നിര്‍മിച്ച ആദ്യ ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടവും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനാണ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയപ്പോഴും ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം വലിയ സ്വീകാര്യത നേടിയ ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ശേഷമാണ് ഒടിടിയില്‍ എത്തിയിരുന്നത്.
അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷന്‍ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ, നിര്‍മിച്ച ആദ്യ ചിത്രം തന്നെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണത്തിനെത്തിച്ചു.