മിഴിവേകി മഴമിഴി കംപാഷന്‍

Written by Taniniram1

Published on:

660 ഭിന്നശേഷി കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കി മധ്യമേഖല മഴമിഴി കംപാഷനു സമാപനം. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ഭവന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സര്‍ഗോത്സവം മഴമിഴി കംപാഷന്‍ മധ്യമേഖല സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അവസരങ്ങള്‍ പരമാവധി വിനിയോഗിച്ച് കര്‍മ മേഖലകളില്‍ സജീവമായും ആത്മവിശ്വാസത്തോടെയും മുന്നേറണമെന്നും വ്യക്തിത്വ വികസനത്തെയും ഇഴയടുപ്പമുള്ള ബന്ധങ്ങളെയും കല, സ്ഫുടം ചെയ്‌തെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിലെ കലാപ്രതിഭകള്‍ക്ക് അവതരണ വേദികള്‍ ഒരുക്കുകയും ഓരോ കലാപ്രതിഭക്കും 3000 രൂപ പാരിതോഷികം ലഭിക്കുന്ന രീതിയിലുമാണ് മഴമിഴി കംപാഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള കലാകാരരാണ് സര്‍ഗോത്സവത്തില്‍ പങ്കെടുത്തത്. എസ് എസ് കെ, ബട്ട് സ്‌കൂളുകള്‍, ബി ആര്‍ സി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചേറൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് കുട്ടികളെ എത്തിച്ചത്. 660 കലാകാരന്മാര്‍ക്കാണ് 2,3 തീയതികളിലായി നടന്ന പരിപാടിയില്‍ പങ്കെടുക്കാനായത്. ചിത്രരചന, പെയിന്റിംഗ്, ചെണ്ടമേളം, നൃത്തയിനങ്ങള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളിലാണ് കുട്ടികള്‍ വേദികള്‍ കീഴടക്കിയത്.

പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് വിശിഷ്ടാതിഥിയായി. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ടന്റ് സിന്ധു, വാര്‍ഡ് കൗണ്‍സിലര്‍ വില്ലി ജിജോ, സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോ. കവിത, സെന്റ് ജോസഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലെറ്റീസിയ, പിടിഎ പ്രസിഡന്റ് ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment