ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാര്‍ക്കോ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്. പ്രതീക്ഷിച്ചത് പോലൊരു ചോരക്കളി തന്നെയാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് മാര്‍ക്കോ.
അതേസമയം ഈ സിനിമ മറ്റൊരു താരത്തിന്റെ അരങ്ങേറ്റത്തിന് കൂടി വേദിയായി മാറിയിരിക്കുകയാണ്. നടന്‍ തിലകന്റെ കൊച്ചു മകനും, നടന്‍ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ് തിലകന്‍. മാര്‍ക്കോയില്‍ ജഗദീഷ് അവതരിപ്പിച്ച ടോണിയുടെ മകന്‍ റസല്‍ ആയാണ് അഭിമന്യുവിന്റെ അരങ്ങേറ്റം. അച്ഛനും മുത്തച്ഛനുമൊക്കെ ഉണ്ടാക്കിയെടുത്ത പേര് അഭിമന്യു കളഞ്ഞിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ തന്നെ സ്വീകരിച്ചവര്‍ക്ക് നന്ദി പറയുകയാണ് അഭിമന്യു. തനിക്ക് ഇനിയും പഠിക്കാന്‍ ഒരുപാട് ഉണ്ടെന്നും അടുത്ത സിനിമയില്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുമെന്നും അഭിമന്യു പറയുന്നു. ചെയ്യുന്ന എല്ലാ കഥാപാത്രത്തിനും തന്റെ ഏറ്റവും മികച്ചതു തന്നെ നല്‍കാന്‍ ശ്രമിക്കുമെന്നും അഭിമന്യു പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിമന്യുവിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”മാര്‍ക്കോയിലൂടെ സിനിമയുടെ ലോകത്തേക്ക് ചുവടുവെക്കുക എന്നത് മറക്കാന്‍ സാധിക്കാത്തൊരു യാത്രയായിരുന്നു. റസല്‍ ടോണി ഐസക്ക് എന്ന റോ ആയ വയലന്റ് ആയ, ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പക്ഷെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും അഭിനന്ദനങ്ങളും എനിക്ക് ഈ ലോകത്തോളം വലുതാണ്. എന്റെ കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്തതിന് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.” താരം പറയുന്നു.
ഇതൊരു തുടക്കം മാത്രമാണ്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും എന്റെ ഏറ്റവും മികച്ചതു തന്നെ നല്‍കുമെന്ന് ഞാന്‍ വാക്ക് തരുന്നു. ഇത് എന്റെ ആദ്യ സിനിമ ആയതിനാല്‍ പഠിക്കാന്‍ ഒരുപാട് ഉണ്ടെന്ന് അറിയാം. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട് തിരികെ വരുമെന്ന് വാക്ക് തരുന്നു. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എന്നെന്നും നന്ദിയോടെ.” എന്നും അഭിമന്യു കുറിക്കുന്നുണ്ട്. സിനിമയുടെ റിലീസിന് അഭിമന്യു പങ്കുവച്ച കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു.